pranab

ന്യൂഡൽഹി: ഇന്നലെ അന്തരിച്ച മുൻ രാഷ്ട്രപതിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ സംശുദ്ധ മുഖവും ഭാരതരത്ന ജേതാവും കേന്ദ്രമന്ത്രിയുമൊക്കെ ആയിരുന്ന പ്രണബ് മുഖർജിയ്ക്ക് (84)​ രാജ്യം ഇന്ന് കണ്ണീരോടെ വിട നൽകും. ഉച്ചയ്ക്ക് 2.30ന് ലോധി റോഡ് ശ്‌മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ ഒമ്പതിന് മൃതദേഹം സൈനിക ആശുപത്രിയിൽ നിന്ന് രാജാജി മാർഗിലെ വസതിയിലെത്തിച്ചു. കൊവിഡ് നിയന്ത്രണമുള്ളതിനാൽ തുറന്ന വാഹനത്തിലെ വിലാപയാത്ര ഒഴിവാക്കി. ഉച്ചയ്ക്ക് 12 വരെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ കേന്ദ്രമന്ത്രിമാർ,​ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി,​ രാഹുൽ ഗാന്ധി തുടങ്ങിയവർ പ്രണബിന് അന്ത്യാ‌ഞ്ജലി അർപ്പിച്ചു.

വീട്ടിലെ കുളിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആർമി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീഴ്ചയെ തുടർന്ന് അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ശ്വാസകോശ അണുബാധ മൂർച്ഛിക്കുകയും ഇന്നലെ വൈകിട്ട് 5.30 ഓടെ മരണം സംഭവിക്കുകയുമായിരുന്നു. അതിനിടെ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചു. പ്രണബിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് കേന്ദ്ര സർക്കാർ ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബംഗാളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകി.

ദേശീയ രാഷ്ട്രീയത്തിലേക്ക്

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാൾ സ്വദേശിയായ പ്രണബ് കുമാർ മുഖർജി. 1935 ഡിസംബർ 11ന് ബീർഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനിച്ചത്. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ചരിത്രം, പൊളിറ്റിക്സ്, നിയമ ബിരുദങ്ങൾ നേടി. പോസ്റ്റൽ വകുപ്പിൽ ആദ്യ ജോലി. പിന്നീട് കോളേജ് അദ്ധ്യാപകനായി. പത്രപ്രവർത്തകനായും ജോലി നോക്കി. ബംഗ്ളാ കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവേശം. 1969ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ മിഡ്‌നാപൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി വി.കെ. കൃഷ്ണമേനോനെ ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ചു,​ ഇത് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വാതിൽ തുറന്നു. ഇന്ദിരാഗാന്ധിയുടെ അനുഗ്രഹാശിസുകളോടെ 1969ൽ രാജ്യസഭാംഗമായി.

1982ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിലാണ് പ്രണബ് ആദ്യമായി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തത്. 1982- 83 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് പ്രണബ് ആയിരുന്നു. ഇന്ദിരയുടെ മരണശേഷം, തുടർന്നുവന്ന രാജീവ് ഗാന്ധി മന്ത്രിസഭയിൽ ഇടം കിട്ടിയില്ല. പിന്നാലെ കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചു. 1989 ൽ കോൺഗ്രസിൽ മടങ്ങിയെത്തി. കേന്ദ്രമന്ത്രിസഭയിൽ പ്രണബ് മുഖർജി മൂന്നു തവണ വിവിധ കാലയളവിൽ വാണിജ്യകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് 1990കളിൽ ആയിരുന്നു പ്രണബിന്റെ മൂന്നാമൂഴം. അവസാന വട്ടം മന്ത്രിയായിരുന്നപ്പോൾ വേൾഡ് ട്രേഡ് ഓർഗനൈസേഷന് വേണ്ടി ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയിരുന്നു.

1995ലാണ് പ്രണബ് മുഖർജി ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായത്. ആസിയാൻ സംഘടനയിൽ ഇന്ത്യ വ്യക്തമായ നിലപാടുകളുമായി സ്ഥാനമുറപ്പിച്ചത് പ്രണബ് വിദേശകാര്യ മന്ത്രിയായിരിക്കുന്ന സമയത്താണ്. 1996 വരെ മുഖർജി ഈ സ്ഥാനം വഹിച്ചു. 2004ൽ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായി. 2006 വരെ ആ പദവിയിൽ തുടർന്നു. 2006ൽ രണ്ടാം യു.പി.എ സർക്കാരിൽ വീണ്ടും മൻമോഹൻ സിംഗിന് കീഴിൽ പ്രണബ് രണ്ടാംവട്ടം വിദേശകാര്യ മന്ത്രിയായി. ഇന്ത്യ- അമേരിക്ക സിവിൽ ആണവകരാറിൽ ഇന്ത്യയ്ക്കുവേണ്ടി ഒപ്പുവച്ചത് പ്രണബ് മുഖർജിയായിരുന്നു. 2008 ൽ മുംബയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഇന്ത്യയ്ക്കനുകൂലമായും പാകിസ്ഥാനെതിരെയും ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിൽ പ്രണബ് മുഖർജി പ്രധാന പങ്ക് വഹിച്ചു.


മികച്ച പാർലമെന്റേറിയൻ
ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വ്യക്തിയും പ്രണബാണ്. ബഡ്‌ജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം. 1977ൽ മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരം. 2004ൽ ലോക്‌സഭയിലെത്തി. 2008ൽ പത്മവിഭൂഷൺ ബഹുമതി. എ.ഡി.ബി.യുടെ ബോർഡ് ഒഫ് ഗവേണൻസ് ചെയർമാൻ സ്ഥാനവും വഹിച്ചു. ബിയോണ്ട് സർവൈവൽ, എമർജിംഗ് ഡൈമെൻഷൻസ് ഒഫ് ഇന്ത്യൻ ഇക്കണോമി, ചാലഞ്ച് ബിഫോർ ദ നേഷൻ/സാഗ ഒഫ് സ്ട്രഗിൾ ആൻഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

2012 മുതൽ 2017 വരെയാണ് പ്രണബ് രാഷ്‌ട്രപതിയായത്. സ്ഥാനമൊഴിഞ്ഞ ശേഷം 2018 ജൂണിൽ നാഗ്പൂരിൽ നടന്ന ആർ.എസ്.എസ് പരിശീലന പരിപാടിയുടെ സമാപനച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തത് വിവാദമായിരുന്നു. 2019ലാണ് അദ്ദേഹത്തിന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചത്. പരേതയായ സുവ്ര മുഖർജിയാണ് ഭാര്യ. ശർമ്മിഷ്ഠ മുഖർജി, അഭിജിത്ത് മുഖർജി, ഇന്ദ്രജിത്ത് മുഖർജി എന്നിവർ മക്കളാണ്.