തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറ് പേരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കോൺഗ്രസ് പ്രവർത്തകരായ ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.
പ്രതികളെ ചോദ്യം ചെയ്യൽ തുടരുകയാണ്.സജീവ്,സനൽ, അൻസർ, ഉണ്ണി എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. അൻസറും ഉണ്ണിയും ഒളിവിലാണ്.എന്നാൽ ആക്രമണസമയത്ത് അൻസർ കൂടെ ഉണ്ടായിരുന്നില്ലെന്ന് പ്രതികളായ സജീവും സനലും അന്വേഷണ സംഘത്തോട് പറഞ്ഞു. ഇത് പൊലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്. അൻസറും സംഘത്തിലുണ്ടായിരുന്നതായി സാാക്ഷിയായ ഷഹീൻ വെളിപ്പെടുത്തിയിരുന്നു.ഫോട്ടോയിലൂടെ ഇയാളെ ഷഹീൻ തിരിച്ചറിയുകയും ചെയ്തിരുന്നു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് മാരകായുധങ്ങളുമായി മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും പ്രതികൾ ആക്രമിച്ചതും, വെട്ടിപ്പരിക്കേൽപിച്ചതെന്നുമാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. അതേസമയം, വെമ്പായം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന സി.പി.എം പ്രകടനങ്ങളിൽ കോണ്‍ഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.