ajith-doval

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാൻഗോംഗ് തടാകത്തിന് സമീപം സൈനിക നീക്കം ശക്തമാക്കി ഇന്ത്യ. ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് കരുതലോടെ നീങ്ങാൻ ഇന്ത്യൻ സൈന്യം തയ്യാറെടുക്കുന്നത്. അജിത് ഡോവലിന്റെ അദ്ധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ ചൈനയെ പ്രതിരോധിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ സൈനികർക്ക് അനുമതി നൽകിയതായാണ് വിവരം.

കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഡോവലിനോട് നിലവിലെ സാഹചര്യം വിശദീകരിച്ചു. കൂടാതെ ഐ.ബിയുടെയും റോയുടെയും മേധാവികൾ അവരുടെ വിലയിരുത്തലുകളും ഡോവലിന് മുന്നിൽ ധരിപ്പിച്ചിട്ടുണ്ട്. വരുംമാസങ്ങളിൽ ചൈനയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന നീക്കങ്ങളെ കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകൾ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാറും റോ സെക്രട്ടറി സാമന്ത് ഗോയലും ഡോവലിനോട് വിശദീകരിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും യോഗത്തിൽ പങ്കെടുത്തു.

ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. എന്നാൽ വരും ദിവസങ്ങളിൽ രാജ്യം എന്ത് തന്ത്രമാണ് സ്വീകരിക്കാൻ പോകുന്നതെന്ന് യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടുവെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇന്ത്യ സ്വീകരിച്ച ശ്രമങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് സൈന്യം ശനിയാഴ്ച രാത്രി പാൻഗോംഗ് തടാകത്തിന് സമീപം പ്രകോപനപരമായ സൈനിക നീക്കങ്ങൾ നടത്തിയെങ്കിലും പൂർണമായും ഇന്ത്യൻ സൈന്യം അവരുടെ നീക്കം തടഞ്ഞുവെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അജിത് ഡോവലിന്റെ നിർദേശ പ്രകാരം സൈനികരുടെ പിരിമുറുക്കം ഒഴിവാക്കാൻ ബ്രിഗേഡ് കമാൻഡർ തലത്തിലുള്ള ഉദ്യോഗസ്ഥർ ചർച്ച നടത്തിവരികയാണെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

ശനിയാഴ്ച രാത്രിയോടെ ഉണ്ടായ ചൈനീസ് പ്രകോപനത്തെ തുടർന്നാണ് തൽസ്ഥിതിയിൽ മാറ്റം വരുത്താൻ ഇന്ത്യ തീരുമാനമെടുത്തത്. പാൻഗോംഗ് തടാകത്തിന് ചുറ്റുമുള്ള നിർണായക ഇടങ്ങളിലാണ് ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുള്ളതെന്ന് ഉന്നതവൃത്തങ്ങൾ പറയുന്നു. ശനിയാഴ്ച അർദ്ധരാത്രിയോടെയും ഞായറാഴ്ച പുലർച്ചെയുമാണ് പാൻഗോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് ഏകപക്ഷീയമായ പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായത്.