തന്റെ മുന്നിലിരിക്കുന്ന രോഗിയുടെ പകിട്ടും പത്രാസുമൊന്നും ഡോ. രാജേന്ദ്രൻ ശ്രദ്ധിക്കാറില്ല. അവൻ കാറിലാണോ സൈക്കിളിലാണോ വന്നതെന്നും പരിഗണിക്കാറില്ല. നാട്ടിൻപുറത്തെ അദ്ദേഹത്തിന്റെ ആശുപത്രി എല്ലാവിഭാഗക്കാർക്കും ആശ്വാസം പകരുന്ന ഒരു ദേവാലയം തന്നെയായിരുന്നു. സർക്കാർ സർവീസിൽ കിട്ടിയിട്ടും സ്വന്തംനാട്ടിൽ പാവപ്പെട്ടവർക്കുകൂടി പ്രയോജനം കിട്ടുന്ന ഒരു ആശുപത്രി തുടങ്ങാനാണ് ഡോ. രാജേന്ദ്രൻ തുനിഞ്ഞത്. പലരും അതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്തിന് എത്ര റിസ്ക്ക് എടുക്കണം. ജീവിതത്തിൽ അൽപ്പസ്വൽപ്പം റിസ്ക്കും സാഹസവുമൊക്കെ വേണ്ടേ? വേനലെത്ര കടുത്താലും നീണ്ടുപോയാലും തെങ്ങിൻ മണ്ടയിൽ നിൽക്കുന്ന ഇളനീരിന് മധുരം കുറയുമോ? ഡോക്ടറോട് തർക്കിച്ച് ജയിക്കാൻ പറ്റില്ലെന്ന് പല ഉപദേശകരും പറയാറുണ്ട്.
തിരക്കില്ലാത്ത സമയങ്ങളിൽ പുസ്തകങ്ങൾ വായിക്കും. വരുന്ന രോഗികളിൽ അറിവുള്ളവരോട് നല്ല പുസ്തകങ്ങൾ വായിക്കാൻ നിർദ്ദേശിക്കും. തീരെ സാധുക്കളാണെങ്കിൽ സ്വന്തം പുസ്തകശേഖരത്തിൽ നിന്ന് നൽകുകയും ചെയ്യും. ഡോ. രാജേന്ദ്രന്റെ ആശുപത്രി ചികിത്സാലയവും ദേവാലയവും ഗ്രന്ഥാലയവുമാണെന്ന് നാട്ടുകാർ പറയാറുണ്ട്. സ്വന്തം ഗ്രാമത്തിൽ നിന്ന് പിന്നീട് വന്ന യുവഡോക്ടർമാർക്കും ആരാധനാപാത്രമായി രാജേന്ദ്രൻ. നാട്ടിലെ ഒരു കോളേജ് അദ്ധ്യാപകൻ ഡോക്ടറെ വിശേഷിപ്പിച്ചത് പലരും തലകുലുക്കി സമ്മതിച്ചു. എഴുതാത്ത ഒരുപാട് കവിതകൾ ഡോക്ടറുടെ മനസിലുണ്ട്. അദ്ദേഹത്തിന്റെ കൈയിലെ സ്റ്റെതസ്കോപ്പ് തന്നെ സ്നേഹകവിതകളെഴുതുന്ന തൂലികാണ്. അതിന് കിട്ടുന്ന അംഗീകാരങ്ങളും പുരസ്കാരങ്ങളുമാണ് രോഗം ഭേദമാകുന്നവരുടെ മുഖത്തെ പുഞ്ചിരി. അത് ഷോക്കേസിൽ വയ്ക്കാനുള്ളതല്ല. നാട്ടിലെ ഏറ്റവും വലിയ സമ്പന്നനായി ഭാവിച്ചും ചമഞ്ഞും ജീവിക്കുന്നവരുണ്ടാകാം. ഏറ്റവും വലിയ പണ്ഡിതനെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുണ്ടാകാം. ആർക്കും പ്രയോജനപ്പെടാതെ പോകുന്ന മുള്ളുമുരിക്കിൻ തടിപോലെയാണവർ. ചില തടികൾ ഒന്നാന്തരം ഉരുപ്പടികളായി കാലം കഴിഞ്ഞാലും പൂമുഖങ്ങളിൽ കസേരകളായും സെറ്റികളായും അലങ്കരിക്കപ്പെട്ടെന്നുവരാം.
മറ്റുള്ളവരുടെ രോഗങ്ങളിലും ചികിത്സകളിലും ശ്രദ്ധാലുവായിരുന്ന ഡോ. രാജേന്ദ്രൻ സ്വന്തം ശരീരത്തിനുള്ളിൽ ഒളിപ്പോരു നടത്തുന്ന രോഗത്തെക്കുറിച്ച് അറിഞ്ഞില്ല. വിദഗ്ദ്ധ പരിശോധനകൾ നടക്കുമ്പോഴും വീണ്ടും പാവങ്ങളെ ചികിത്സിക്കാൻ പറ്റില്ലേ എന്നായിരുന്നു അന്വേഷണം. എല്ലാവർഷവും നൽകുന്നപോലെ കുറേ കുട്ടികൾക്ക് പഠനോപകരണങ്ങൾ ചിലർക്ക് പുര മേയാനുള്ള സഹായം അതേക്കുറിച്ചായിരുന്നത്രേ അവസാനം ഐ.സി യൂണിറ്റിൽ കഴിയുമ്പോഴും ഡോക്ടറുടെ സംസാരം. മരണാനന്തരചടങ്ങുകൾ കഴിഞ്ഞ് സുഹൃത്തായ കോളേജ് അദ്ധ്യാപകൻ ദുഃഖത്തോടെ ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിൽ കയറുമ്പോൾ പേജ് മടക്കി വച്ച ഖലിൽ ജിബ്രാന്റെ കവിതാപുസ്തകമായിരുന്നു. മടക്കിവച്ച് താളിലെ വാക്കുകൾ ഇങ്ങനെ: ഋതുക്കൾ ഭൂമിയിൽ വിരുന്നുവരുമ്പോഴെല്ലാം ഒരു പുൽച്ചെടിയാകാൻ ഞാൻ കൊതിക്കാറുണ്ട്.
(ഫോൺ : 9946108220)