s-jayasankar

ന്യൂഡൽഹി: ഇന്ത്യയും-ചൈനയും തമ്മിൽ ധാരണയിലെത്തേണ്ടത് പ്രധാനമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യയ്ക്കും,ചൈനയ്ക്കും ലോകത്തിനും വളരെ പ്രധാനമാണെന്ന് യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.


ചൈനയുടെ വികസനം ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു?ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വെർച്വൽ ഇവന്റിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ചൈനയും, ചൈനയുടെ ഉയർച്ചയേയും കുറിച്ച് ഇന്ത്യയ്ക്ക് അറിവുണ്ടെന്നും, എന്നാൽ ഇന്ത്യയുടെ ഉയർച്ച ലോകത്തിന് മുഴുവൻ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ-ചൈനീസ് സൈന്യങ്ങൾ തമ്മിലുള്ള നാലുമാസക്കാലമായി നീണ്ടുനിൽക്കുന്ന അതിർത്തി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ജയ്ശങ്കറിന്റെ പരാമർശം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വ്യാപാര, നിക്ഷേപ ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ ആഘാതമുണ്ടാക്കിയെന്നും, പ്രശ്നം പരിഹരിക്കുന്നതിനായി ഇരുവിഭാഗവും ചർച്ചകളിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും വികസനത്തിലേക്ക് കുതിക്കുകയാണെന്നും, എന്നാൽ അത് ചൈനയുടെ അതേ അളവിലും വേഗതയിലും ആയിരിക്കില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.'കഴിഞ്ഞ 30 വർഷത്തെ ഉദാഹരണമെടുത്ത് നോക്കിയാൽ ഇന്ത്യയുടെ ഉയർച്ചയും ഒരു പ്രധാന ആഗോള കഥയാണ്. ചരിത്രവും സംസ്‌കാരവുമുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ധാരണയിലോ സന്തുലിതാവസ്ഥയിലോ എത്തിച്ചേരേണ്ടത് വളരെ പ്രധാനമാണ്'- അദ്ദേഹം പറഞ്ഞു.


'ഞാൻ നിർഭയം പറയട്ടെ, ചില അവസരങ്ങളിൽ ഇന്ത്യയുടെ പക്കൽ നിന്നും അത്തരത്തിൽ ചിലത് പ്രതീക്ഷിക്കാം'-അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-ചൈന ബന്ധത്തെ 'മോഡസ് വിവേണ്ടി'(പരസ്പരവിരുദ്ധമായ കക്ഷികൾ അന്തിമ ഒത്തുതീർപ്പിൽ എത്തുന്നതുവരെ സമാധാനപരമായി ഒന്നിച്ചുനിൽക്കാൻ അനുവദിക്കുന്ന ഒരു ക്രമീകരണം അല്ലെങ്കിൽ കരാർ) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ ബന്ധം ഇരു രാജ്യങ്ങൾക്കും അതി പ്രധാനമാണെന്നും വ്യക്തമാക്കി. ചൈനയും പാകിസ്ഥാനും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് പുതിയ കാര്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.