ksrtc

തിരുവനന്തപുരം: അഞ്ച് മാസത്തിനുള്ളിൽ മുഖം മിനുക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇ-ഗവേർണൻസും കമ്പൂട്ടർവത്ക്കരണവും നടപ്പാക്കി അത്യാധുനിക സാങ്കേതിക സംവിധാനത്തോടെ സർവ്വീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി തീരുമാനം. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ എല്ലാ വാഹനങ്ങളിലും ജി.പി.എസ് സംവിധാനം നടപ്പിലാക്കും. ജി.പി.എസ‌ുമായി ബന്ധപ്പെടുത്തി പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും വരും. ഇതിലൂടെ വാഹനങ്ങളുടെ ലൈവ് ട്രാക്കിംഗ് ലഭ്യമാകും. യാത്രക്കാരുടെ സൗകര്യാർത്ഥം ലൈവ് ട്രാക്കിംഗ് ആപ്പ് സേവനവും ലഭ്യമാക്കും. തുടർന്ന് ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂൾ, റൂട്ട് മാറ്റങ്ങൾ, ബസിന്റെ കൃത്യമായ തത്സമയ ലൊക്കേഷൻ എന്നിവ യാത്രക്കാരുടെ വിരൽ തുമ്പിൽ കിട്ടും.

വാഹനങ്ങളുടെ സർവ്വീസിനിടെയുടെ സീറ്റ് ലഭ്യത ഏത് സമയത്തും യാത്രക്കാർക്ക് അറിയുവാൻ സാധിക്കും. വാഹനങ്ങളുടെ സ്പീഡ് കൃത്യമായി ലഭിക്കുന്നതിനാൽ ഡ്രൈവർമാരുടെ ഓവർ സ്പീഡിംഗ്, അലക്ഷ്യമായ ഡ്രൈവിംഗ് എന്നിവ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താനും സാധിക്കും. ഓരോ ബസും സർവ്വീസ് നടത്തിയ കൃത്യമായ ദൂരം ലഭ്യമാകുന്നതിനാൽ ഫ്ലീറ്റ് യൂട്ടിലൈസേഷൻ കാര്യക്ഷമാക്കാനുള്ള വിവരങ്ങൾ വേഗത്തിൽ മാനേജ്മെന്റിന് ലഭ്യമാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം നടപ്പിലാക്കി മാനേജ്‌മെന്റിന് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ ലഭിക്കുന്നതിനും അതിലൂടെ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടപ്പാക്കാനും സാധിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി വിലയിരുത്തൽ. ജീവനക്കാരുമായും സർവ്വീസ് നടത്തിപ്പുമായും ബന്ധപ്പെട്ട എല്ലാ അടിസ്ഥാന വിവരങ്ങളും കമ്പ്യൂട്ടർവത്‌ക്കരണത്തിലൂടെ സാദ്ധ്യമാകും. വാഹനങ്ങളുടെ നിയന്ത്രണത്തിനും വിശകലനത്തിനും യാത്രക്കാരെ സഹായിക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക കൺട്രോൾ സെന്ററും ഹെൽപ്പ് ഡെസ്കും പ്രവർത്തനം ആരംഭിക്കും.

ക്യാഷ്‌ലെസ് സൗകര്യമുള്ള ആധുനിക ടിക്കറ്റിംഗ് സംവിധാനം ജി.പി.എസുമായി ബന്ധിപ്പിച്ച് നടപ്പിലാക്കും. എല്ലാത്തരം ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും, നാഷണൽ കോമൺ മൊബിലിറ്റി കാർഡും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീൻ സംവിധാനമാണ് നടപ്പിൽ വരുത്തുന്നത്. മൊബൈൽ ടിക്കറ്റിംഗ് സംവിധാനവും ഈ മെഷീനുകളിൽ ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റിംഗ് സംവിധാനത്തെ ജി.പി.എസുമായി ബന്ധപ്പെടുത്തുന്നതിനാൽ യാത്രക്കാർക്ക് സർവ്വീസ് നടത്തുന്ന ബസുകളിലെ തത്സമയ സീറ്റ് വിവരങ്ങൾ ലഭിക്കുകയും ടിക്കറ്റ് റിസർവേഷൻ കാര്യക്ഷമമാകുകയും ചെയ്യും.

ഈ പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള എല്ലാ സോഫ്റ്റ് വെയർ, ഹാർഡ്‌വെയർ സംവിധാനങ്ങളും ആധുനികവത്കരിക്കും. പദ്ധതിയുടെ പൂർണമായ ചുമതല മാനേജിംഗ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കുമെന്നും 5 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നുമാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. 16.98 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവെന്ന് കെ.എസ്.ആർ.ടി.സി ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു.