dr-kafeel-khan

ലഖ്നൗ: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രസംഗം നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറ‌സ്‌റ്റ് ചെയ്യപ്പെട്ട ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. അറസ്‌‌റ്റ് നിയമ വിരുദ്ധമാണെന്നും ഉടൻ ഡോക്‌ടറെ മോചിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അലിഗഡ് സർവകലാശാലയിൽ നടന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തെ തുടർന്നാണ് കഴിഞ്ഞ വർഷം ജനുവരി 29ന് കഫീൽ ഖാനെ അറസ്‌‌‌റ്റ് ചെയ്‌തത്. ഡിസംബർ 13ന് സമർപ്പിച്ച പ്രഥമവിവരറിപ്പോർട്ടിൽ ഡോക്‌ടർ തന്റെ പ്രസംഗത്തിൽ സ‌ർവകലാശാലയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതായും സാമുദായിക സൗഹാർദം ഇല്ലാതാക്കാൻ ശ്രമിച്ചതായും പറഞ്ഞിരുന്നു.ഡോക്‌ടറുടെ പ്രസംഗത്തിൽ എവിടെയും മതസ്‌പർദ്ധ ഉളവാക്കുന്ന പരാമർശങ്ങൾ ഉള‌ളതായി പ്രഥമദൃഷ്‌ട്യാ തെളിയുന്നില്ല.അലിഗഡ് നഗരത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ ഇതിൽ ശ്രമിക്കുന്നതായി കാണുന്നില്ല. കോടതി പറഞ്ഞു. 1980ൽ നടപ്പിലാക്കിയ ദേശീയ സുരക്ഷാ നിയമപ്രകാരം വ്യക്തികൾ ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് തെളിഞ്ഞാൽ സർക്കാരിന് വിചാരണക്കായി കോടതിയിൽ ഹാജരാക്കാതെ ഒരു വർഷം വരെ തടവിൽ വയ്‌ക്കാനും സാധിക്കും.

ഡോ.കഫീൽ ഖാനെതിരെ കേസെടുക്കാൻ അനുവദിച്ച ജില്ലാ മജിസ്‌ട്രേ‌റ്റിന് പക്ഷപാതിത്വമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. മുൻപ് 2017ൽ ഓക്‌സിജൻ വിതരണം നിലച്ചതിനാൽ ഗോരഖ്പൂരിലെ സ‌ർക്കാർ ആശുപത്രിയിൽ 60 കുട്ടികൾ മരിച്ച സംഭവം പുറത്തറിയിച്ചതിന് ഗോരഖ്പൂർ സ്വദേശിയായ ഡോക്‌ടറെ ഉത്തർപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. കഴിഞ്ഞ സെ‌പ്‌തംബറിലാണ് ഡോക്‌ടറെ കു‌റ്റവിമുക്തനാക്കിയത്.