pranab

ന്യൂഡൽഹി: വിവാദങ്ങൾക്ക് ഇടനൽകാതെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സമർത്ഥനായിരുന്നു അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഒരു രാഷ്ട്രീയക്കാരനായിരുന്നിട്ടും രാഷ്ട്രീയ പക്ഷപാതിത്വം അദ്ദേഹം ഒരിക്കലും കാണിച്ചിരുന്നില്ല. പ്രണബിനെ അനുസ്മരിക്കെ ഇത്തരത്തിലൊരു സന്ദർഭം എടുത്തുകാട്ടുകയാണ് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ.

നാഗ്പൂരിലെ ആസ്ഥാനം സന്ദർശിക്കാൻ ആർ എസ് എസ് പ്രണബിനെ ക്ഷണിച്ചു. വാർത്ത പുറത്തുവന്നതോടെ സംഭവം ചൂടേറിയ ചർച്ചയായി. പ്രണബ് ആർ എസ് എസിന്റെ ക്ഷണം സ്വീകരിക്കുമോ ഇല്ലയോ എന്നുളളത് കോൺഗ്രസിനുളളിലും സജീവ ചർച്ചയായി. നാഗ്പൂരിലേക്ക് പോകരുതെന്ന് പാർട്ടിയിലെയും കുടുംബത്തിലെയും പലരും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇത് അദ്ദേഹത്തിലും കടുത്ത സമ്മർദ്ധമുണ്ടാക്കി. ഒരു തീരുമാനമെടുക്കാൻ നന്നായി ബുദ്ധിമുട്ടി. പക്ഷേ, ഇതൊന്നും പുറത്തുകാണിച്ചില്ല. ഒടുവിൽ ഏറെ ആലോചിച്ചശേഷം അദ്ദേഹം നാഗ്പൂരിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. 'ഞാൻ പോയില്ലെങ്കിൽ അതൊരു പ്രശ്നമാകും; പോയാലും അതൊരു പ്രശ്നമാകും. എങ്കിൽ ഞാൻ അവിടെപ്പോയി എന്റെ സന്ദേശം നൽകുന്നതല്ലേ ഏറെ നല്ലത്- തീരുമാനമെടുത്തശേഷം പ്രണബ് പറഞ്ഞത് ഇങ്ങനെയായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന സ്വഭാവക്കാരനായിരുന്നു പ്രണബെന്നും അഹമ്മദ് പട്ടേൽ അനുസ്മരിച്ചു.

കോൺഗ്രസിന്റെ സമുന്നത നേതാവായിട്ടും ഒരിക്കൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞുപോയ ചരിത്രവും പ്രണബിനുണ്ട്. രാജീവ് ഗാന്ധി അധികാരത്തിലെത്തിയപ്പോഴായിരുന്നു അത്. രാജീവ് ഗാന്ധി അദ്ദേഹത്തെ ബംഗാളിൽ പാർട്ടിയുടെ കാര്യങ്ങൾ നോക്കാനായി വിട്ടു. ഇതിൽ മനംനൊന്ത് അദ്ദേഹം പാർട്ടി വിട്ടു. തന്റെ സ്ഥാനത്തിന് ഭീഷണിയാകുമെന്ന് കരുതിയാണ് രാജീവ് ഗാന്ധി ഇങ്ങനെ ചെയ്തതെന്നാണ് അന്ന് പലരും പറഞ്ഞിരുന്നത്. 1986ൽ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു. രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ പ്രണബ് പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും കരുതിയെങ്കിലും അതുണ്ടായില്ല. പക്ഷേ, കോൺഗ്രസിന്റെ പല സുപ്രധാന തീരുമാനങ്ങൾ രൂപപ്പെടുത്തിയതിന് പിന്നിലും ആ മനുഷ്യന്റെ കൂർമ്മ ബുദ്ധിയുണ്ടായിരുന്നു.