india-gdp

 40 വർഷത്തിനിടെയുള്ള ഏറ്റവും മോശം വളർച്ച

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധിമൂലം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച നടപ്പുവർഷത്തെ (2020-21) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 23.9 ശതമാനത്തിലേക്ക് ഇടിഞ്ഞു. 1980ന് ശേഷം ആദ്യമായാണ് ജി.ഡി.പി വളർച്ച നെഗറ്റീവ് ആകുന്നത്.

1996 മുതലാണ് ഇന്ത്യ ത്രൈമാസ വളർച്ച പുറത്തുവിട്ടു തുടങ്ങിയത്; അതു പരിഗണിക്കുമ്പോൾ ഇന്ത്യയുടെ എക്കാലത്തെയും മോശം വളർച്ചയാണിത്. ലോക്ക്ഡൗണിൽ സമ്പദ്‌വ്യവസ്ഥ അപ്പാടെ സ്തംഭിച്ചതാണ് ഈ തകർച്ചയ്ക്ക് കാരണം. സാമ്പത്തിക രംഗത്തെ സകലമേഖകളും കഴിഞ്ഞപാദത്തിൽ തകർന്നടിഞ്ഞു; കാർഷിക മേഖല മാത്രം വളർന്നു; 3.4 ശതമാനം. നികുതി വരുമാനം ഒഴിച്ചുനിറുത്തിയാലുള്ള ജി.ഡി.പി വളർച്ചയായ ഗ്രോസ് വാല്യൂ ആഡഡ് നെഗറ്റീവ് 22.8 ശതമാനമാണെന്ന് നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസ് (എൻ.എസ്.ഒ) വ്യക്തമാക്കി.

തളരുന്ന

കണക്കുകൾ

(ജി.ഡി.പി വളർച്ച മുൻ പാദങ്ങളിൽ)

2017-18

എപ്രിൽ-ജൂൺ : 5.8%

ജനുവരി-മാർച്ച് : 8.18%

2019-20

ഏപ്രിൽ-ജൂൺ : 5.2%

ജൂലായ്-സെപ്തം : 4.4%

ഒക്ടോ-ഡിസം : 4.1%

ജനുവരി-മാർച്ച് : 3.1%*

2020-21

ഏപ്രിൽ-ജൂൺ : -23.9%**

(*11 വർഷത്തെ താഴ്ച, **40 വർഷത്തെ താഴ്ച)

വൻ വീഴ്‌ചകൾ

(സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായ മേഖലകളെല്ലാം തകർന്നടിഞ്ഞു)

നിർമ്മാണം : -50.3%

വ്യാപാരം, ഗതാഗതം : -47%

മാനുഫാക്ചറിംഗ് : -39.3%

സേവനം : -26.8%

ഖനനം : -23.3%

പ്രതിരോധം/പൊതുഭരണം : -10.3%

ആശ്വാസക്കൃഷി

കാർഷിക മേഖല മാത്രമാണ് കഴിഞ്ഞപാദത്തിൽ വളർന്നത്; 3.4%

ജനം ചെലവുചുരുക്കി;

സർക്കാർ കൂട്ടി

ബ്രായ്ക്കറ്രിൽ 2019-20 ഏപ്രിൽ-ജൂണിലെ വളർച്ച

 ഉപഭോക്തൃ ചെലവ് : -26.7% (6.7%)

 നിക്ഷേപം : -47.1% (8.5%)

 സർക്കാർ ചെലവ് : 16.4% (12.9%)

വീഴ്‌ചയിൽ രണ്ടാംസ്ഥാനം

ഏപ്രിൽ-ജൂണിൽ ലോകത്ത് ഏറ്റവും വലിയ ഇടിവ് ജി.ഡി.പിയിൽ കുറിച്ചത് അമേരിക്കയാണ്; -32.9 ശതമാനം. (ജനുവരി-മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്കയുടെ വീഴ്‌ച -9.1 ശതമാനം).

ഇന്ത്യ : -23.9

ബ്രിട്ടൻ : -21.7%

ഫ്രാൻസ് : -19%

ജർമ്മനി : -10.1%

ജപ്പാൻ : -9.9%

മെക്‌സിക്കോ : -0.8%

വിയറ്റ്‌നാം : 0.4%

ബ്രസീൽ : 1%

ചൈന : 3.2%

₹26.9 ലക്ഷം കോടി

നടപ്പുവർഷം ഏപ്രിൽ-ജൂണിൽ ഇന്ത്യൻ ജി.ഡി.പി മൂല്യം 26.9 ലക്ഷം കോടി രൂപയാണ്. മുൻ വർഷത്തെ സമാനപാദത്തിൽ ഇത് 35.35 ലക്ഷം കോടി രൂപയായിരുന്നു; ഇടിവ് 23.9 ശതമാനം.

പരിധിവിട്ട്

ധനക്കമ്മി

കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി നടപ്പുവർഷത്തെ ബഡ്‌ജറ്റിൽ വിലയിരുത്തിയതിന്റെ 100 ശതമാനം ആദ്യ നാലുമാസത്തിൽ തന്നെ കവിഞ്ഞു. 8.21 ലക്ഷം കോടി രൂപയാണ് ജൂലായിൽ ധനക്കമ്മി; 103.1 ശതമാനമാണിത്.

കരകയറാതെ

മുഖ്യ വ്യവസായം

എട്ട് സുപ്രധാന വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന മുഖ്യ വ്യവസായ മേഖല ജൂലായിൽ കുറിച്ചത് -9.6 ശതമാനം വളർച്ച. 2019 ജൂലായിൽ വളർച്ച 2.6 ശതമാനമായിരുന്നു. ഏപ്രിൽ-ജൂലായിലെ വളർച്ച 3.2 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 20.5 ശതമാനമായും ഇടിഞ്ഞു.

ജൂലായിലെ തകർച്ച:

(വളം ഉത്‌പാദനം മാത്രം ഉയർന്നു)

സ്‌റ്റീൽ : -16.5%

റിഫൈനറി ഉത്പന്നങ്ങൾ : -13.9%

സിമന്റ് : -13.5%

പ്രകൃതിവാതകം : -10.2%

കൽക്കരി : -5.7%

ക്രൂഡോയിൽ : -4.9%

വൈദ്യുതി : -2.3%

വളം : 6.9%

വിദേശ നാണയ

ശേഖരം മേലോട്ട്

വിദേശ നാണയ ശേഖരം കഴിഞ്ഞവാരം 229.6 കോടി ഡോളർ ഉയർന്ന് 53,754.8 കോടി ഡോളറിലെത്തി. വിദേശ നാണയ ആസ്‌തി 49,416.8 കോടി ഡോളറാണ്; വർദ്ധന 261.8 കോടി ഡോളർ. കരുതൽ സ്വർണശേഖരം 33.10 കോടി ഡോളർ വർദ്ധിച്ച് 3,726.4 കോടി ഡോളറായി. ആഗസ്‌റ്റ് ഏഴിന് കുറിച്ച 53,819.1 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ റെക്കാഡ്.

ഇനിയും വേണം,
രക്ഷാപാക്കേജ്

കൊവിഡ് സൃഷ്‌ടിച്ച മാന്ദ്യത്തിൽ നിന്ന് കരകയറാൻ 20 ലക്ഷം കോടി രൂപയുടെ 'ആത്മനിർഭർ" പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും, കഴിഞ്ഞപാദത്തിൽ ഒട്ടുമിക്ക മേഖലകളും തകർന്നടിഞ്ഞു. ഏറ്രവുമധികം തൊഴിലുകളുള്ള മേഖലകളാണ് കൂപ്പുകുത്തിയത്. നേട്ടത്തിലേക്ക് അതിവേഗം കരകയറാൻ കൂടുതൽ ഉത്തേജക പാക്കേജ് വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.