ന്യൂഡൽഹി: 1.6 ലക്ഷം കോടി രൂപയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആർ) കുടിശ്ശിക തിരിച്ചടയ്ക്കാൻ സുപ്രീം കോടതി ടെലികോം കമ്പനികൾക്ക് 10 വർഷം സാവകാശം നൽകി. സമയപരിധി കുറയ്ക്കുന്നതിനൊപ്പം ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ചില നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതുപ്രകാരം ടെലികോം സ്ഥാപനങ്ങൾക്ക് 2021 ഓടെ 10 ശതമാനം കുടിശ്ശിക നൽകേണ്ടിവരും. ബാക്കി തുക 2031 മാർച്ച് 31 നകം അടയ്ക്കാം. വീഴ്ച വരുത്തിയാൽ കോടതിയെ അവഹേളിച്ചതിന് കമ്പനി ശിക്ഷിക്കപ്പെടുമെന്ന് ബെഞ്ച് അറിയിച്ചു.പാപ്പരത്വ നിയമപ്രകാരം (ഐബിസി) നടപടികൾ നേരിടുന്ന ടെലികോം കമ്പനികളുടെ സ്‌പെക്ട്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാൻ ബെഞ്ച് ദേശീയ കമ്പനി ലോ ട്രിബ്യൂണലിനോട് (എൻസിഎൽടി) ആവശ്യപ്പെട്ടു.
ടെലികോം കമ്പനികളായ വോഡഫോൺ-ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലി സർവീസസ് എന്നിവയുടെ സർക്കാർ കുടിശ്ശിക ലൈസൻസ് ഫീസായും, സ്‌പെക്ട്രം ഉപയോഗ ചാർജായും കണക്കാക്കുന്നതിനുള്ള എജിആർ വിഷയത്തിൽ 2019 ഒക്ടോബറിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
എജിആർ കുടിശ്ശിക അടച്ച് തീർക്കാൻ ടെലികോം കമ്പനികൾക്ക് 20 വർഷത്തെ സാവകാശം നൽകണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ കഴിഞ്ഞ മാർച്ചിൽ അപേക്ഷ സമർപ്പിച്ചിരുന്നു.ഓഹരിയുടമകളുടെ ബാദ്ധ്യത എത്രയാണെന്നൊക്കെ വിശദീകരിക്കാൻ ഓഗസ്റ്റ് 21 ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.സ്പെക്ട്രം വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് മന്ത്രിമാരും (വാർത്താ പ്രക്ഷേപണ മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം) തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.