കോട്ടയം: തങ്ങളുടെ രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു. കെ എം മാണി വർഷങ്ങൾകൊണ്ട് കെട്ടിപ്പടുത്ത കേരളകോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുളള തിരിച്ചടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'കെ എം മാണിയെപ്പോലും അപമാനിക്കാൻ ശ്രമിച്ചു. തങ്ങൾക്കെതിരെ നിരന്തരം നടത്തിയിരുന്നത് നുണപ്രചരണങ്ങളായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞു. ആത്യന്തികമായി സത്യം ജയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയോടെ പ്രവർത്തകരുടെ ആത്മാഭിമാനം ഉയർന്നു. നേരത്തേ ജോസ് പക്ഷം എന്നാണ് ഞങ്ങളെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോൾ ഞങ്ങളാണ് യഥാർത്ഥ കേരള കോൺഗ്രസെന്ന് തെളിഞ്ഞിരിക്കുകയാണ്. വിട്ടുപോയവർക്ക് തിരിച്ചുവരുനുളള അവസരമുണ്ട് '- അദ്ദേഹം പറഞ്ഞു.
പി.ജെ ജോസഫിന്റെ അവകാശവാദം തളളിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസ് കെ മാണിക്ക് അനുകൂലമായി തീരുമാനമെടുത്തത്. രണ്ട് എം.എൽ.എമാർക്കൊപ്പം രണ്ട് എം.പിമാർ കൂടി തങ്ങളുടെ പക്ഷത്തുളളതാണ് ജോസ് വിഭാഗത്തിന് അനുകൂലമായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായത് ജോസഫ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ്.