എന്നും ക്രിക്കറ്റിനൊപ്പമാണ് അനന്തപദ്മനാഭന്റെ ജീവിതം. ആ സമർപ്പണത്തിനുള്ള അംഗീകാരമാണ് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തെ അമ്പയർമാരുടെ ഏറ്റവും ഉയർന്ന തലമായ അന്താരാഷ്ട്ര മത്സരങ്ങൾ നിയക്കാൻ കഴിയുന്ന എലൈറ്റ് പാനലിൽ ഉൾപ്പെടുത്തിയത്. അനന്തൻ അമ്പയറായ പ്രചോദിപ്പിക്കുന്ന ജീവിതത്തിലൂടെ...
കേരളത്തിന്റെ മിസ്റ്രർ ക്രിക്കറ്റെന്ന് വിശേഷിപ്പിക്കാം കേരളത്തിന്റെ മിസ്റ്രർ ക്രിക്കറ്റെന്ന് വിശേഷിപ്പിക്കാം കെ.എൻ. അനന്തപത്ഭനാഭനെ. കളിക്കാരനായും കോച്ചായും സെലക്ടറായും അമ്പയറായും ക്രിക്കറ്രിനൊപ്പം തന്നെയാണ് അനന്തന്റെ ജീവിതം. അർഹിച്ച അംഗീകാരങ്ങൾ പലതും വിധിയും ദൗർഭാഗ്യവും തീർത്ത ഗൂഗ്ലികളിൽ വഴിമാറിപ്പോയെങ്കിലും ഒരിക്കലും ക്രിക്കറ്രിനെ വെറുത്തില്ല കേരളത്തിന്റെ മുൻ നായകൻ. ഇന്ത്യൻടീമിന്റെ പടിവാതിലോളമെത്തി നിരവധി തവണ തിരിച്ചുപോരേണ്ടി വന്നെങ്കിലും നിരാശനാകാതെ അനന്തൻ ഗ്രൗണ്ടിൽ തുടർന്നു. കാരണം കളിയാരവത്തിനൊപ്പം മൈതാനത്ത് നിൽക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയോളം വലുതായി അദ്ദേഹത്തിന് മറ്രൊന്നുമില്ലായിരുന്നു. കളിക്കാലത്തിന് ശേഷം ലെവൽ ടു കോച്ചും ബി.സി.സി.ഐ ജൂനിയർ ടീം സെലക്ഷൻ കമ്മിറ്രി മെമ്പറുമായെങ്കിലും അനന്തന്റെ മനസ് മൈതാനത്തിനകത്തേക്കെത്താനും കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാനും തുടിച്ചു കൊണ്ടിരുന്നു, അങ്ങനെ അനന്തൻ അമ്പയറായി. കാലത്തിന്റെ കാവ്യനീതിപോലെ ഇന്റർ നാഷണൽ ക്രിക്കറ്ര് കൗൺസിൽ അദ്ദേഹത്തെ അമ്പയർമാരുടെ ഏറ്രവും ഉയർന്ന തലമായ അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന എലൈറ്ര് പാനലിൽ ഉൾപ്പെടുത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയിലേക്ക് മാറ്രിയ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പതിമൂന്നാം സീസണിൽ കളി നിയന്ത്രിക്കാൻ യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് 'കേരളകൗമുദി"ക്ക് അനുവദിച്ച അഭിമുഖത്തിൽ തന്റെ ക്രിക്കറ്റ് വിശേഷങ്ങൾ അദ്ദേഹം പങ്കുവച്ചു.
എലൈറ്ര് ഹാപ്പി
കളിക്കാരന്റെ കുപ്പായമഴിച്ചുവച്ച് അമ്പയറുടെ തൊപ്പിയണിഞ്ഞുള്ള ഗ്രൗണ്ടിനകത്തെ തന്റെ രണ്ടാം ഇന്നിംഗ്സിൽ ഏറെ സന്തുഷ്ടനാണ് അനന്തൻ. എപ്പോഴും ഗ്രൗണ്ടിനുള്ളിൽ ആയിരിക്കാനാണ് ഇഷ്ടം. ക്രിക്കറ്റിൽ അന്താരാഷ്ട്ര തലത്തിൽ വ്യക്തി മുദ്രപതിപ്പിക്കണമെന്നതായിരുന്നു ലക്ഷ്യവും സ്വപ്നവും. കളിക്കാരനെന്ന നിലയിൽ അതിനായി പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. കോച്ചെന്ന നിലയിൽ ഇന്ത്യൻ ടീമിനെയൊന്നും പരിശീലിപ്പിക്കാൻ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. അന്താരാഷ്ട്ര തലത്തിലേക്കുയരാനും ഗ്രൗണ്ടിനുള്ളിൽ നിന്ന് കളിയാവേശം ആവോളം അനുഭവിക്കാനും അമ്പയറാവുകയെന്ന വഴിയേ അനന്തന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. 2006ൽ അമ്പയറിംഗ് പരീക്ഷ പാസായി. 2007മുതൽ പ്രധാനപ്പെട്ട അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. 2015മുതൽ രഞ്ജി മത്സരങ്ങളിലും 2016 മുതൽ ഐ.പി.എല്ലിലും അമ്പയറായി. ഇപ്പോൾ എലൈറ്ര് പാനലിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനായി. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര അമ്പയറാകുന്ന നാലാമത്തെയും എലൈറ്ര് പാനലിലെത്തുന്ന ആദ്യത്തെയാളുമായി. രഞ്ജിയിൽ 74 ഉം ഐ.പി.എല്ലിൽ 24 ഉം മത്സരങ്ങൾ നിയന്ത്രിച്ചു.
ഏകാഗ്രതയ്ക്ക് മെഡിറ്റേഷൻ
ഏകാഗ്രതയാണ് ഒരു അമ്പയർക്ക് വേണ്ട ഏറ്രവും വലിയ ഗുണം. അതിനായി മെഡിറ്റേഷനും ശ്വാസം ക്രമീകരിച്ചുകൊണ്ടുള്ള പരിശീലനവും നടത്താറുണ്ട് അനന്തൻ. അമ്പയർ സമ്മർദ്ദത്തിലായാൽ എല്ലാം തകിടം മറിയും. അതിനാൽ മത്സര സമയത്ത് എപ്പോഴും മനസിനെ ശാന്തമാക്കി നിറുത്താൻ ശ്രദ്ധിക്കും.
ഐ.പി.എൽ ഉത്സവം
ഐ.പി.എൽ ഒരു ഉത്സവമാണ്. ഗാലറിയിലെ ബഹളവും ലൈറ്റും കളിയുടെ വേഗവും എല്ലാം വലിയ വെല്ലുവിളിയാണ്. ഒരു തെറ്രായ തീരുമാനം കളിയുടെ ഗതി തന്നെ മാറ്റും. വലിയ തെറ്റുകളില്ലാതെ കളിനിയന്ത്രിക്കാൻ കഴിയുന്നതിൽ ദൈവത്തിന് നന്ദി പറയുകയാണ് അനന്തൻ. ഇത്തവണ ഇന്ത്യയ്ക്ക് പുറത്ത് കളി നിയന്ത്രിക്കാൻ കഴിയുന്നതിന്റെ സന്തോഷമുണ്ട്. കാണികൾക്ക് പ്രവേശനമില്ലാത്തതിനാൽ ശബ്ദം കുറവായിരിക്കും. ദുബായ്യിൽ ഗ്രൗണ്ടിലും ഹോട്ടലിലും മാത്രമായി അമ്പത് ദിവസത്തോളം കഴിയേണ്ടിവരും. പുറംലോകവുമായി ബന്ധമൊന്നുമുണ്ടാകില്ല. അതായിരിക്കും ഇത്തവണത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് അനന്തന്റെ പക്ഷം.
സഞ്ജുവിനോട് പോലും ചങ്ങാത്തമില്ല
അമ്പയറായി ഗ്രൗണ്ടിലിറങ്ങിയാൽ തികച്ചും പ്രൊഫഷണലാണ് അനന്തൻ. സഞ്ജു സാംസണെപ്പോലെ നേരിട്ട് അറിയാവുന്ന താരങ്ങളോട് പോലും കുശലാന്വേഷണമോ തമാശ പറച്ചിലോ ഇല്ല. ഒന്നു ചിരിക്കും. അധികം ചങ്ങാത്തത്തിനു പോയാൽ നമ്മളെടുക്കുന്ന തീരുമാനത്തെ അത് ബാധിക്കുമെന്ന് മറ്റു കളിക്കാർ തെറ്രിദ്ധരിക്കും. അതിനാൽ തന്നെ ഗ്രൗണ്ടിൽ എല്ലാ കളിക്കാരുമായും ഒരകലം പാലിക്കും.
പത്രത്തിൽ പേര് വരല്ലേ
കളിക്കാരനായിരുന്ന കാലത്ത് പത്രത്തിൽ പേര് വരണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അമ്പയറായപ്പോൾ പേര് വരല്ലേയെന്നാണ് അനന്തന്റെ പ്രാർത്ഥന. കാരണം അമ്പയർമാർക്ക് തെറ്ര് പറ്റുമ്പോഴേ അവരുടെ പേര് സാധാരണ പത്രങ്ങളിൽ വരാറുള്ളൂ. അതേസമയം കൃത്യമായ തീരുമാനമെടുത്തതിന്റെ പേരിൽ എവിടെ നിന്നും അങ്ങനെ അഭിനന്ദനമൊന്നും അമ്പയർമാർക്ക് കിട്ടാറില്ല. കളി നന്നായി നിയന്ത്രിച്ച ശേഷം ഹോട്ടൽ മുറിയിലെത്തി സ്വയം തോളിൽ തട്ടി വെൽഡൺ എന്ന് പറയുകയേ നിർവാഹമുള്ളൂവെന്ന് ചിരിച്ചു കൊണ്ട് അനന്തൻ പറഞ്ഞു.
ഒറ്രയ്ക്ക് നിയന്ത്രിച്ച കളി
രാജ്കോട്ടിൽ ബംഗാളും സൗരാഷ്ട്രയും തമ്മിൽ ഏറ്റുമുട്ടിയ കഴിഞ്ഞതവണത്തെ രഞ്ജി ട്രോഫി ഫൈനൽ ഇടയ്ക്ക് ഒറ്രയ്ക്ക് നിയന്ത്രിച്ചത് അനന്തന് അമ്പയറിംഗ് കരിയറിലെ മറക്കാനാവാത്ത അനുഭവമാണ്. സി.ഷംസുദ്ദീനായിരുന്നു അനന്തനൊപ്പം ഫീൽഡ് അമ്പയറായുണ്ടായിരുന്നത്. ആദ്യ ദിനം വൈകിട്ട് സൗരാഷ്ട്രയുടെ ഒരു വിക്കറ്ര് പോയതിന്റെ ആഹ്ലാദത്തിൽ ബംഗാൾ താരം ത്രോ ചെയ്ത പന്ത് അടിവയറ്രിൽക്കൊണ്ട് ഷംസുദ്ദീന് പരിക്ക് പറ്റി. അതോടെ അദ്ദേഹത്തിന് ഗ്രൗണ്ടിലിറങ്ങാൻ കഴിയാതെ വന്നു. തുടർന്ന് രാജ്കോട്ടിൽ തന്നെയുള്ള അമ്പയറെ കൊണ്ടുവന്നെങ്കിലും രഞ്ജി ട്രോഫി നിയമ പ്രകാരം പിച്ചിന്റെ രണ്ടറ്റത്തും നിഷ്പക്ഷ അമ്പയർമാരെ നിൽക്കാവൂവെന്ന നിയമം പ്രശ്നമായി. പിന്നീട് അദ്ദേഹത്തെ ലെഗ് അമ്പയറാക്കി നിറുത്തി, അനന്തൻ ഓരോ ഓവർ കഴിയുമ്പോഴും പിച്ചിന്റെ ഓരോ വശത്തേക്കും മാറി രണ്ടാം ദിനം ഉച്ചവരെ കളി നിയന്ത്രിക്കുകയായിരുന്നു. ഇരു ടീമിന്റെയും കളിക്കാരുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായെന്നും അനന്തൻ നന്ദിയോടെ ഓർക്കുന്നു.
ബി.സി.സി.ഐ ബെസ്റ്ര്
അമ്പയർമാർക്ക് മികച്ച പരിശീലനവും സൗകര്യവുമാണ് ബി.സി.സി.ഐ ഒരുക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽപ്പോലും ഡി.ആർ.എസ് ഭാഗികമായിട്ടാണെങ്കിലും നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ബി.സി.സി.ഐ അമ്പയർ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ പോയി അവിടത്തെ ആഭ്യന്തര ക്രിക്കറ്റുമായി ബന്ധപ്പെടാൻ അനന്തന് കഴിഞ്ഞു. ഡി.ആർ.എസ് പോലുള്ള സാങ്കേതിക വിദ്യകൾ ക്രിക്കറ്റിന് നല്ലതാണെന്ന അഭിപ്രായക്കാരനാണ് അനന്തൻ.
കോച്ചിംഗിന് അവധി
മലയിൻകീഴ് ചീനിവിളയിൽ സ്വന്തമായി സ്ഥലം വാങ്ങി ബി.സി.സി.ഐ 100 മത്സരം കളിച്ചവർക്ക് നൽകിയ 25 ലക്ഷം രൂപ ഉൾപ്പെടെ ഉപയോഗിച്ച് അനന്തൻ ക്രിക്കറ്റ് അക്കാഡമി തുടങ്ങിയിരുന്നു. നിലവിൽ അമ്പയറിംഗിന്റെ തിരക്ക് മൂലം കോച്ചിംഗിൽ നിന്ന് അവധിയെടുത്തിരിക്കുകയാണ്.
അനിൽ കുംബ്ലെയോട് ബഹുമാനം
അനിൽ കുംബ്ലയുടെ സമകാലികനായിപ്പോയതിനാലാണ് ഇന്ത്യൻ ടീമിൽ തനിക്ക് അവസരം കിട്ടാതെ പോയതെന്ന് പറയുന്നതിനോട് അനന്തന് വലിയ യോജിപ്പില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച മാച്ച് വിന്നറാണ് അദ്ദേഹം. ഇന്ത്യൻ ടീമിൽ കളിക്കാൻ അദ്ദേഹം എപ്പോഴും യോഗ്യനായിരുന്നു. അന്നത്തെ സാഹചര്യത്തിൽ കേരളം പോലൊരു സ്ഥലത്ത് നിന്ന് ഉയർന്നു വരിക വലിയ പാടായിരുന്നു. ദേശീയ സെലക്ടർമാക്കും ഇന്ത്യൻ താരങ്ങൾക്കും മുന്നിലാണ് കുംബ്ലെയും സച്ചിനുമൊക്കെ കളിച്ചു വളർന്നത്. അതവർക്ക് ഗുണമാവുകയും ചെയ്തു.
കുടുംബം
മരുതംകുഴിയിലുള്ള ഫ്ലാറ്രിലാണ് ഇപ്പോൾ അനന്തന്റെ താമസം. ഭാര്യ ദീപ സന്നദ്ധസംഘടനാ പ്രവർത്തനങ്ങളിൽ സജീവമാണ്. കേരളത്തിനായി ജൂനിയർ തലത്തിൽ കളിച്ചിട്ടുള്ള മൂത്ത മകൻ ആദിത്യ നാരായണൻ ഇപ്പോൾ ഹൈദരാബാദിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ആകാശ് അയ്യർ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
കാലം മാറി, കഥയും
പണ്ട് ജോലി നേടുന്നതിനായാണ് ക്രിക്കറ്രിലേക്ക് കുട്ടികൾ വന്നുകൊണ്ടിരുന്നത്. എന്നാൽ ഇന്നതുമാറി. ക്രിക്കറ്റ് വലിയൊരു വരുമാന മാർഗമായി. ഒരു ഐ.പി.എൽ കരാർ ലഭിച്ചാൽ ജീവിതം തന്നെ മാറുമെന്ന് അനന്തന്റെ ഉപദേശം. കേരളത്തിൽ തന്നെ നിലവാരമുള്ള നിരവധി ഗ്രൗണ്ടുകളുണ്ട്. നിരവധി സ്പോൺസർമാരുണ്ട്. നല്ല മാച്ച് ഫീസുണ്ട്. നന്നായി കളിച്ചാൽ ഉയർന്നു പോകാം. തിരിച്ചടികളിൽ തളർന്നുപോകാതെ മുന്നോട്ട് പോയാൽ നിരാശപ്പെടേണ്ടിവരില്ലെന്ന് സ്വന്തം ജീവിതം ചൂണ്ടിക്കാട്ടി അനന്തൻ പറയുന്നു. ജീവിതത്തിന്റെ ക്രീസിൽ അർദ്ധ സെഞ്ച്വറി തികച്ച് ക്രിക്കറ്രിലെ പുതിയ ഉയരങ്ങളിലേക്ക് അനന്തൻ കുതിക്കുകയാണ്. കാരണം ക്രിക്കറ്റെന്ന മൂന്നക്ഷരം ഈ അമ്പത്തൊന്നുകാരന് ജീവവായുവാണ്.
വിക്കറ്റ് കീപ്പറാകാനെത്തി
ലെഗ് സ്പിൻ ലെജൻഡായ കഥ
തിരുവനന്തപുരത്തെ അഗ്രഹാരത്തിൽ നിന്ന് ക്രിക്കറ്രിലേക്കെത്തിയ അനന്തൻ 1981ൽ അണ്ടർ 15 കേരള ടീമിൽ ഇടം നേടി വിജയ് മർച്ചന്റ് ട്രോഫിയിലും സി.കെ നായ്ഡു ട്രോഫിയിലുമെല്ലാം കളിച്ചു. 1985ൽ തിരുവനന്തപുരം ജില്ലാ അണ്ടർ 19 ടീമിനായുള്ള സെലക്ഷൻ ട്രയൽസിനെത്തിയ അനന്തൻ അന്ന് വിക്കറ്ര് കീപ്പർ ബാറ്ര്സ്മാൻ വിഭാഗത്തിലാണ് പേര് രജിസ്റ്റർ ചെയ്തത്. പക്ഷേ മുൻവർഷം സംസ്ഥാന ടീമിൽ മികച്ച പ്രകടനം നടത്തിയ വിക്കറ്ര് കീപ്പർ ബാറ്ര്സ്മാൻ ഇട്ടി ചെറിയാനുണ്ട്. അദ്ദേഹം സ്വാഭാവികമായും സെലക്ഷൻ ഉറപ്പിച്ചു കഴിഞ്ഞു. അനന്തന്റെ ബാറ്രിംഗ് കണ്ടപ്പോൾ സെലക്ടർമാർക്ക് ഒഴിവാക്കാനും മടി. ടീമിലെടുത്താൽ ഇട്ടിച്ചെറിയാനുള്ളതിനാൽ സെക്കൻഡ് വിക്കറ്റ് കീപ്പറാകാനെ പറ്റുകയുള്ളൂവെന്നും കളിക്കാൻ അവസരം കിട്ടില്ലെന്നും അതിനാൽ ബൗളിംഗിൽ ഒരുകൈ നോക്കൂവെന്നും സെലക്ടർമാർ ഉപദേശിച്ചു. എന്നാൽ മീഡിയം പേസ് എറിഞ്ഞ് നോക്കാമെന്നായി അനന്തൻ. നിലവിൽ നാല് ഫാസ്റ്റ്ബൗളർമാർ സെലക്ടായിയെന്ന് സെലക്ടർമാരുടെ മറുപടി. എന്നാൽ ഓഫ് സ്പിൻ എറിയാമെന്ന് പറഞ്ഞപ്പോൾ അതിനും ആളുണ്ട്. ഒഴിവുള്ളത് ലെഗ് സ്പിന്നിൽ മാത്രം. അങ്ങനെയാണ് അനന്തൻ ആദ്യമായി ലെഗ് സ്പിൻ എറിയുന്നത്. അത് കരിയറിലെ വഴിത്തിരുവുമായി. 1988 നവംബറിൽ ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലൂടെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അനന്തൻ ഏറെക്കാലം കേരളത്തിന്റെ നായകനായിരുന്നു. കേരളത്തിനായി രഞ്ജി ട്രോഫിൽ 2000 റൺസും 200 വിക്കറ്റും നേടുന്ന ആദ്യ താരമാണ്. ഇന്ത്യ എ ടീമിലും റെസ്റ്രോഫ് ഇന്ത്യ ടീമിലുമെല്ലാം സ്ഥിരം സാന്നിദ്ധ്യമായി. 2004ൽ വിരമിക്കുമ്പോൾ 105 ഫസ്റ്ര് ക്ലാസ് മത്സരങ്ങളിൽ നിന്ന് 2891 റൺസും 344 വിക്കറ്റും സ്വന്തമാക്കി.