e-p-jayarajan-adoor-praka

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ അടൂർ പ്രകാശ് എം.പിക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ഇ.പി ജയരാജൻ. സംഭവമുണ്ടായ ശേഷം കൊലയാളികൾ ഈ വിവരം അറിയിക്കുന്നത് അടൂർ പ്രകാശിനെയാണെന്നാണ് മന്ത്രിയുടെ ആരോപണം. ചില മാദ്ധ്യമങ്ങൾ അത് പുറത്തു കൊണ്ടുവന്നിട്ടുണ്ടെന്നും ജയരാജൻ ആരോപിച്ചു.

''ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിന് കൊടുത്ത സന്ദേശം. ഇതാണോ കോൺഗ്രസ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോൾ ഇതിന്റെ പിന്നിൽ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാർട്ടിയാണ് കോൺഗ്രസ്. എല്ലാ ജില്ലയിലും അവർ ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട് " എന്നും ജയരാജൻ ആരോപിച്ചു.

"പക്കാ ക്രിമിനലുകളെ സംഘടിപ്പിക്കാൻ കോൺഗ്രസ് പണ്ടേ ശീലിച്ചതാണ്. തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിക്കുക. അക്രമികളെ സംരക്ഷിക്കുക. ഈ നിലപാട് സമാധാനം ഉണ്ടാക്കുന്നതല്ല. ജനങ്ങൾ പ്രതികരിക്കണം. ജനസേവനം മാത്രം കൈമുതലാക്കി എല്ലാവരേയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നത്. നാട് ക്ഷോഭിക്കും. അപ്പോൾ ഈ അക്രമികൾക്ക് നേരെ തിരിച്ചടിക്കും" എന്നും ജയരാജൻ വ്യക്തമാക്കി.

അതേസമയം തനിക്കെതിരെ ആരോപണം നടത്തിയ ജയരാജനെ അടൂർപ്രകാശ് വെല്ലുവിളിച്ചു. ''ഉന്നയിച്ച ആരോപണം തെളിയിക്കാനുള്ള ബാദ്ധ്യത മന്ത്രിയ്‌ക്കുണ്ട്. എനിക്ക് പ്രതികളുമായി യാതൊരു ബന്ധവുമില്ല. പാർലമെന്റ് മണ്ഡലത്തിൽ ഏഴ് നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. പലരും പല ആവശ്യങ്ങൾക്കായി തന്നെ വന്ന് കണ്ടു പോകാറുണ്ടെന്നും'' അടൂർ പ്രകാശ് ജയരാജന് മറുപടി നൽകി.