pranab-mukherjee

കൊച്ചി: സൗമ്യമായ മുഖം. പണ്ഡിതൻ. അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ലളിതമായി പകർന്ന് നൽകാനുള്ള കഴിവ്. തന്നെ തേടിയെത്തിയ പദവികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും മറ്റുള്ളവരുടെ പ്രശംസയും ആദരവും നേടാനും പ്രണബ് മുഖർജിക്ക് കരുത്തായത് ഈ സ്വഭാവമഹിമകളാണ്.

1982ൽ ഇന്ദിരാഗാന്ധി സർക്കാരിലാണ് ആദ്യമായി പ്രണബ് ദാ, ധനമന്ത്രി ആകുന്നത്. തനിക്ക് കീഴിൽ ആ വർഷം റിസർവ് ബാങ്കിന്റെ ഗവർണറായി ചുമതലയേറ്റ ഡോ. മൻമോഹൻ സിംഗ് പിന്നീട് പ്രധാനമന്ത്രി ആയപ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ധനകാര്യം ഉൾപ്പെടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യാൻ പ്രണബ് ദാ മടികാട്ടിയില്ല.

പിന്നീട് 1991-96ൽ അദ്ദേഹം പ്ളാനിംഗ് കമ്മിഷൻ അദ്ധ്യക്ഷനായി. അന്ന്, നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രി മൻമോഹൻ സിംഗ് ആയിരുന്നു. 2009ൽ മൻമോഹൻ സർക്കാരിൽ പ്രണബ് ധനമന്ത്രിയായി. 2012ൽ, പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനായി രാജിവയ്ക്കുംവരെ ആ പദവി വഹിച്ചു. എട്ട് ബഡ്‌ജറ്റുകൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

നികുതി സമ്പ്രദായം സാധാരണക്കാരന് അനുകൂലമാക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു. 2009-10ലെ ബഡ്‌ജറ്റിൽ കോർപ്പറേറ്റ് നികുതി നിലനിറുത്തിയ പ്രണബ്, മുതിർന്ന പൗരന്മാരുടെയും വനിതകളുടെയും ആദായ നികുതി ബാധകവരുമാന പരിധി ഉയർത്തി. കമ്മോഡിറ്റി കൈമാറ്റ നികുതിയും ശമ്പളേതര വരുമാന നികുതിയും ഒഴിവാക്കി അദ്ദേഹം ഏവരും പ്രശംസ നേടി.

ഇടത്തരക്കാർക്ക് ഗുണം ചെയ്യുംവിധം ആദായനികുതി സ്ലാബ് പരിഷ്‌കരിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അദ്ദേഹം അതിനായി തുടങ്ങിവച്ച നടപടികൾ ഇപ്പോൾ നരേന്ദ്രമോദി സർക്കാരും പിന്തുടരുന്നുണ്ട്.

പ്രണബിന്റെ നികുതി പരിഷ്‌കാരങ്ങളിൽ ഏറെ വിവാദവും കോളിളക്കം സൃഷ്‌ടിച്ചതുമായിരുന്നു 2012-13ലെ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച റെട്രോ ടാക്‌സ് അഥവാ മുൻകാല പ്രാബല്യ നികുതി. ടെലികോം കമ്പനിയായിരുന്ന ഹച്ച്, ഇന്ത്യയിലെ ബിസിനസ് ബ്രിട്ടീഷ് കമ്പനിയായ വൊഡാഫോണിന് വിറ്റു. ഹച്ചിന്റെ വരുമാനവും ലാഭവും ഇന്ത്യയിൽ ആയിരുന്നെങ്കിലും ഓഹരി വില്പന നടന്നത് ഇന്ത്യയ്ക്ക് വെളിയിലാണ്.

ഇതോടെ, ഇടപാടിന്റെ ഭാഗമായി ലഭിക്കേണ്ടിയിരുന്ന നികുതി ഇന്ത്യയ്ക്ക് നഷ്‌ടപ്പെട്ടു. അതിന് പരിഹാരം കാണാനും ഭാവിയിൽ ഇത്തരം പ്രശ്നം ഒഴിവാക്കാനുമാണ് റെട്രോ നികുതി ഉദ്ദേശിച്ചത്. എന്നാൽ, അത് ഇന്ത്യയിലേക്കുള്ള എഫ്.ഡി.ഐയെ ബാധിക്കുമെന്ന് വ്യക്തമാക്കി മൻമോഹൻ സിംഗ്, സോണിയാ ഗാന്ധി, കപിൽ സിബൽ, പി. ചിദംബരം എന്നിവർ എതിർത്തു.

എന്നാൽ, ഇന്ത്യ നികുതിയില്ലാ രാഷ്‌ട്രമല്ലെന്നും റെട്രോ ടാക്‌സ് അത്യാവശ്യമാണെന്നും വ്യക്തമാക്കി ബഡ്‌ജറ്റിൽ പ്രണബ് അത് ഉൾപ്പെടുത്തി. തുടർന്നുവന്ന ധനമന്ത്രിമാരും സർക്കാരും ആ നികുതി പിന്തുടരുന്നത് ആശ്ചര്യത്തോടെയാണ് താൻ നോക്കിക്കണ്ടതെന്ന് 'ദ കോലീഷൻ ഇയേഴ്സ്" എന്ന തന്റെ പുസ്‌തകത്തിൽ അദ്ദേഹം എഴുതിയിരുന്നു.