
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് അധികമാർക്കും അറിയാത്ത കുറച്ച് വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. തന്നെ പിണറായി നീന്തൽ പഠിപ്പിച്ച കഥയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. പിണറായിയുമായുള്ള തന്റെ സൗഹൃദം വിശദീകരിക്കവെയാണ് അദ്ദേഹം പഴയ ഓർമ്മകളിൽ വാചാലനായത്.
പിണറായി നല്ലൊരു കായിക പരിശീലകനാണെന്നാണ് ജയരാജന്റെ സർട്ടിഫിക്കറ്റ്. പഠിക്കുന്ന കാലത്ത് താൻ പിണറായിക്ക് കീഴിലാണ് നീന്തൽ പഠിച്ചതെന്ന് പറയുന്ന മന്ത്രി അദ്ദേഹം നല്ലൊരു നീന്തൽ വിദഗ്‌ധനാണെന്നും വ്യക്തമാക്കുന്നു. " അദ്ദേഹത്തിന്റെ അമ്മയുമായും ജ്യേഷ്‌ഠനുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അതിധീരനും കരുത്തനുമാണ് പിണറായി. അദ്ദേഹം നന്നായി തമാശ പറയും. രസകരമായാണ് തമാശകൾ പറയുന്നത് '' എന്നും ജയരാജൻ പറയുന്നു.
പിണറായി പാട്ട് പാടുന്നത് താൻ കണ്ടിട്ടുണ്ടെന്നും ഇ.പി ജയരാജൻ ഓർമ്മിക്കുന്നു. ''എം.എൽ.എ ആയി തിരുവനന്തപുരത്ത് വന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് സിനിമ കാണാൻ പോകാറുണ്ടായിരുന്നു. ഇടയ്‌ക്ക് വൈകുന്നേരങ്ങൾ നമുക്ക് ഇന്ന് ഒരു സിനിമ കാണാൻ പോയാലോയെന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. നമ്മളൊന്നും നോക്കണ്ട. ടിക്കറ്റ് ഒക്കെ അദ്ദേഹം തന്നെ എടുത്തിട്ടുണ്ടാകും'' എന്നാണ് ജയരാജൻ ഓർത്തെടുക്കുന്നത്.
പിണറായിയുടെ വീട്ടിൽ നിന്നിട്ടുള്ള സമയത്ത് രാവിലെ ചിലപ്പോൾ ഇടാൻ ഷർട്ടുണ്ടാകില്ല. അപ്പോൾ പിണറായിയുടെ ഷർട്ടിട്ട് പുറത്തു പോകുന്ന കാര്യവും മന്ത്രി ഓർത്തെടുത്തു.