കുട്ടികളുടെ പുഞ്ചിരി ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. കുട്ടിത്തം തുളുമ്പുന്ന കുഞ്ഞുങ്ങളെ പോലെയാണ് 'ക്വോക്ക' എന്ന ജീവി ചിരിക്കുന്നത്. ലോകത്തെ ഏറ്റവും സന്തോഷമുള്ള ജീവി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തുള്ള ചെറുദ്വീപായ റോട്ട്നെസ്റ്റ് ദ്വീപിലാണ് ക്വോക്കകൾ ധാരാളമായി കാണപ്പെടുന്നത്. പൂച്ചയുടെ വലിപ്പമുള്ള ഒരു മാക്രോപോഡാണ് ക്വോക്ക. മാക്രോപോഡ് കുടുംബത്തിലുള്ള കംഗാരുവിനെയും വാലാബിയെയും പോലെ ക്വോക്കയും സസ്യഭുക്കാണ്, കുഞ്ഞുങ്ങളെ കൊണ്ട് നടക്കാൻ കംഗാരുവിനെപ്പോലെ സഞ്ചിയും ഉണ്ട്.
രാത്രി കാലങ്ങളിലാണ് സാധാരണയായി പുറത്തിറങ്ങാറുള്ളത്. രണ്ടര മുതൽ അഞ്ച് കിലോഗ്രാം വരെ ഭാരവും, 40 മുതൽ 54 സെന്റീമീറ്റർ വരെ നീളവും ക്വോക്കയ്ക്ക് ഉണ്ട്. കുട്ടി കംഗാരുവിനെ പോലെ ഇരിക്കുമെങ്കിലും ഇത് ചെറിയ മരങ്ങളിലും കുറ്റിച്ചെടികളിലും കയറാറുണ്ട്. ശരാശരി പത്ത് വർഷമെങ്കിലും ക്വോക്ക ജീവിക്കും. മനുഷ്യരെ വലിയ ഭയമൊന്നും ഇല്ല ക്വോക്കയ്ക്ക്. റോട്ട്നെസ്റ്റ് ദ്വീപിൽ ഒരുപാട് സഞ്ചാരികൾ ഇതിന്റെ കൂടെ നിന്ന് സെൽഫി എടുക്കാനായി എത്താറുണ്ട്. എന്നാൽ, ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ജീവിയെ പ്രകോപിപ്പിച്ചാൽ നല്ല കടി തരും എന്ന കാര്യത്തിൽ സംശയം വേണ്ട. മനുഷ്യർ കഴിക്കുന്ന ഭക്ഷണം ഇവയ്ക്ക് കൊടുക്കാറില്ല. ക്വോക്കയുടെ ചിരിക്ക് കാരണം അതിന്റെ മുഖമാണ്. അതാണ് അതിന്റെ രഹസ്യവും. സന്തോഷം വന്നിട്ടല്ല ക്വോക്ക ചിരിക്കുന്നത് എന്നതാണ് അതിന്റെ യാഥാർത്ഥ്യം. അതിന്റെ വായുടെ രൂപം തന്നെ ചിരിച്ചത് പോലെയാണ്.