indo-china

പാരീസ്: ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും സ്ഥിരതയും ഉണ്ടാകാൻ ചൈന പ്രതിജ്ഞാ ബദ്ധരാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി. ഇന്ത്യയുമായുള‌ള ഭിന്നതകൾ സംസാരിച്ച് തീർക്കാൻ തങ്ങൾ താൽപര്യപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഫ്രഞ്ച് ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നടത്തിയ പ്രസംഗത്തിലാണ് യി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ ഇടങ്ങളിൽ ചർ‌ച്ച നടത്തി തീരുമാനം കൈക്കൊള‌ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥ നിയന്ത്രണ രേഖയിലെ റെക്വിൻ പാസിലും പാങ്‌ഗോംഗ് ത്‌സോയിലും പുതിയ കടന്നു കയ‌റ്റത്തെ കുറിച്ച് ചൈനീസ് സേനയും ഇന്ത്യൻ സൈന്യവും പരസ്‌പരം ആരോപണം ഉന്നയിച്ച സമയത്താണ് വാംഗ് യിയുടെ പ്രസ്‌താവന എന്നത് ശ്രദ്ധേയമാണ്. പാങ്‌ഗോംഗ് ത്‌സോയിൽ ചൈനീസ് പട്ടാളത്തിന്റെ പ്രകോപനപരമായ നീക്കത്തെ തങ്ങൾ തടഞ്ഞതായി തിങ്കളാഴ്‌ച സൈന്യം അറിയിച്ചിരുന്നു.

ഇന്ത്യയും ചൈനയും തമ്മിലെ അഭിപ്രായഭിന്നതകൾ ലോകമാകെ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചതായും ചൈന-ഇന്ത്യ അതിർത്തിയിൽ സമാധാനം സ്ഥാപിക്കാൻ ചൈന പ്രതിജ്ഞാബദ്ധരാണെന്നും യി പറയുന്നു. ഇന്ത്യ-ചൈന അതിർത്തി നിർണയിച്ചിട്ടില്ല. അതിനാൽ തന്നെ അവിടെ എപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.ഇവ സംസാരിച്ച് തീർക്കാൻ ചൈന താൽപര്യപ്പെടുന്നു. രാജ്യങ്ങൾ തമ്മിലെ അഭിപ്രായ വ്യത്യാസങ്ങൾ സംഘർഷത്തിലെത്താതെ പരിഹരിക്കണം. വാങ് യി പറഞ്ഞു.

ഇന്ത്യയും ചൈനയും അഭിപ്രായ വ്യത്യാസങ്ങൾ മാ‌‌‌റ്റി മുന്നോട്ട് പോയാൽ 270 കോടി ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നും വാങ് യി അഭിപ്രായപ്പെട്ടു. മുൻപ് കേന്ദ്ര സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി ചർച്ചയ്‌ക്ക് ശേഷം ഇരുസേനകളും അതിർത്തിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുക തന്നെയാണ്.