
ലഡാക്ക്: ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള സൈനിക ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം ഇരു രാജ്യങ്ങളുടെയും ടാങ്കുകൾ പരസ്പരം വെടിയുതിർക്കുന്നതിനുള്ള ദൂരത്തിനകത്താണെന്ന് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച സൈനിക ചർച്ചകൾ തുടരുന്നതിനിടയിലും ഇന്ത്യൻ, ചൈനീസ് ടാങ്കുകൾ പരസ്പരം വെടിവയ്ക്കാവുന്ന ദൂരത്തിനകത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യൻ സേനയുടെ കൈവശമുള്ള 'കാല ടോപ്പിന്റെ' താഴ്‌വാരത്തിനടുത്താണ് ചൈനീസ് യുദ്ധ ടാങ്കുകളും മറ്റും നിലയുറപ്പിച്ചിരിക്കുന്നത്.
ചൈന ഈ പ്രദേശത്ത് കനത്തതും, ഭാരം കുറഞ്ഞതുമായ ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്.കാലാ ടോപ്പിലെ ഇന്ത്യൻ സേന പൂർണമായും സായുധരും ടാങ്കും പീരങ്കികളും കൈവശമുള്ളവരുമാണ്. പാങ്കോംഗ് തടാകത്തിന്റെ തെക്കൻ കരയിൽ ചൈനീസ് സൈന്യം പ്രകോപനപരമായ സൈനിക നീക്കങ്ങൾ നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിശദീകരിക്കാൻ ബ്രിഗേഡ് കമാൻഡർ തലത്തിലുള്ള ചർച്ചകൾ രാവിലെ ഒമ്പത് മുതൽ മോൾഡോയിൽ നടക്കുകയാണ്. ഓഗസ്റ്റ് 29, 30 തീയതികളിൽ ചൈന നടത്തിയ കടന്നുകയറ്റ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു.