toddy

ഹൈദരാബാദ്: കാൻസർ മാറണോ? കളളുകുടി സ്ഥിരമാക്കിയാൽ മതി. തെലങ്കാന എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡിന്റേതാണ് ഈ ഉപദേശം. രോഗം വരുന്നത് തടയുന്നതിനൊപ്പം വന്ന രോഗം കുറയ്ക്കാനും ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാൻസർ കൂടാതെ പതിനാലുരോഗങ്ങൾ എളുപ്പത്തിൽ മാറ്റാനും പനംകളളിന് ശക്തിയുണ്ടെന്നാണ് മന്ത്രി പറയുന്നത്. ഇതൊക്കെ വിദഗ്ധർ നടത്തിയ പഠനത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ടത്രേ.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സർവായ് പപ്പണ്ണയുടെ പ്രതിമ ജംഗാവോൺ ജില്ലയിൽ അനാച്ഛാദനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ കളള് മാഹാത്മ്യം വിളമ്പൽ. പനയുടെ എല്ലാസത്തും അടങ്ങിയിരിക്കുന്നതുമൂലമാണത്രേ കളളിന് അപൂർവ ഗുണങ്ങളെല്ലാം ലഭിക്കുന്നത്. നേരത്തേ പാവപ്പെട്ടവർ മാത്രമായിരുന്നു കളള് കുടിച്ചിരുന്നതെങ്കിൽ ബെൻസ് കാറിൽ സഞ്ചരിക്കുന്നവർ പോലും ഇപ്പോൾ കളള് കുടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളളുചെത്തിനെ ഒരു തൊഴിൽ ആയി പ്രഖ്യാപിക്കാനുളള നീക്കവും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

നീര എന്നപേരിൽ തെലങ്കാന സർക്കാർ പുറത്തിറക്കുന്ന പനങ്കളളിൽ നിന്നുളള ഉപോത്പന്നങ്ങളും ആരോഗ്യത്തിന് ബെസ്റ്റാണെന്നാണ് മന്ത്രിയുടെ ഉപദേശം. മനുഷ്യന്റെ മൂത്രവ്യവസ്ഥയ്ക്ക് ഗുണംചെയ്യുന്ന നീര വ്യക്കളിൽ കല്ലുണ്ടാകുന്നത് തടയുകയും ചെയ്യും. ഇതിനൊപ്പം ശരീരത്തെ നന്നായി തണുപ്പിക്കുകയും ചെയ്യും.

ഗുണഗണങ്ങൾ എല്ലാം വ്യക്തമായതിനാൽ കളളിനെ പരമാവധി പ്രോത്സാഹിപ്പിക്കാണാണ് സർക്കാർ തീരുമാനം. വിദേശമദ്യത്തിനുപകരം കളള് വിൽക്കാനും ലക്ഷ്യമിടുന്നുണ്ട്.