1. വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികള്‍ക്ക് അടൂര്‍ പ്രകാശ് എം.പിയുമായി അടുത്ത ബന്ഘം എന്ന് മന്ത്രി ഇ.പി ജയരാജന്‍. കൊലയ്ക്കു ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണം എന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് ഡി.സി.സിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രണ്ടുപേരുടെ മരണം സി.പി.എം ആഘോഷിക്കുക ആണ്. നൂറില്‍ അധികം കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു എന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എം അക്രമം സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു
2. അതേസമയം, ഇരട്ട കൊലക്കേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍. ഒളിവില്‍ ആയിരുന്ന അന്‍സര്‍ ,ഉണ്ണി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലെ 8 പ്രതികളും പിടിയിലായി. ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ സഹായിച്ചു എന്ന് കരുതുന്ന സ്ത്രീയെയും കസ്റ്റഡിയില്‍ എടുത്തു. പ്രതികളില്‍ ഒരാളായ അജിത്തുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുക ആണ്. ഗൂഡാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തെളിവെടുപ്പ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആയ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ആസൂത്രണം. വാളും കത്തിയും ഉപയോഗിച്ച് ആറ് പേര്‍ ചേര്‍ന്ന് കൊലനടത്തി എന്നും അന്വേഷണ സംഘം
3. കൊലയുടെ കാരണം രാഷ്ട്രീയ വൈരാഗ്യം എന്ന് എഫ്.ഐ.ആറില്‍ നേരിട്ട് പറയുന്നില്ല. നിയമപരമായി അങ്ങിനെ പറയേണ്ടതില്ല എന്നാണ് പൊലീസിന്റെ വിശദീകരണം. സജീവ്, സനല്‍, അജിത്ത്, എന്നിവര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം വെഞ്ഞാറമൂട്, വെമ്പായം, കന്യാകുളങ്ങര, പേട്ട തുടങ്ങി വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. വിവിധയിടങ്ങളില്‍ അടിച്ചും എറിഞ്ഞും തകര്‍ത്തപ്പോള്‍ വെഞ്ഞാറമൂട് തീവയ്ക്കുക ആയിരുന്നു. വെമ്പായം ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുക ആണ്. പ്രശ്ന ബാധിത മേഖലകളില്‍ പൊലീസ് വിന്യാസം തുടരുന്നു.
4. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റില്‍ എത്തി. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി പരിശോധിക്കുന്നതിന് ആയാണ് സംഘം എത്തിയത്. അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. സംസ്ഥാന ഐ.ടി സെക്രട്ടറി മുഹമ്മദ് വൈ. സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫീസ് ഉള്‍പ്പെട്ട നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വികളും എന്‍.ഐ.എ സംഘം പരിശോധിച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി 2019 ജൂണ്‍ ഒന്ന് മുതല്‍ 2020 ജൂലൈ 10 വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രെയും നാളത്തെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിലുള്ള സാങ്കേതിക പ്രശ്നം പൊതുഭരണ വകുപ്പ് അറിയിച്ചതോടെ ആണ് എന്‍.ഐ.എ സംഘം നേരിട്ടെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
5. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വായ്പാ തിരിച്ചടിവിന് പ്രഖ്യാപിച്ച മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു നീട്ടാവുന്നത് ആണെന്ന് കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും സുപ്രീം കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലത്തെ തിരിച്ചടവിന് പിഴപ്പലിശ ഈടാക്കുന്നതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം മൂലം സമ്പദ് വ്യവസ്ഥ 23 ശതമാനം മുരടിപ്പു നേരിട്ടതായി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കടുത്ത പ്രയാസം നേരിടുന്ന മേഖലകള്‍ക്കായി സര്‍ക്കാര്‍ ഇതിനകം തന്നെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷം വരെ നീട്ടാവുന്നത് ആണെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. മൊറട്ടോറിയം കാലത്ത് നീട്ടിവയ്ക്കുന്ന തിരിച്ചടവിന് പിഴപ്പലിശ ഈടാക്കുന്നതു സംബന്ധിച്ച് നാളെ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തില്‍ ഉള്ള ബെഞ്ച് പറഞ്ഞു. പിഴപ്പലിശ ഈടാക്കുന്നതിന് എതിരെ ബെഞ്ച് നേരത്തെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മൊറട്ടോറിയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നതാണ് പിഴപ്പലിശ ഈടാക്കുന്നതിലൂടെ സംഭവിക്കുന്നത് എന്നായാരിന്നു കോടതി പരാമര്‍ശം.
6.രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,87,145 ആയി. 819 മരണം കൂടി ഔദ്യോഗികം ആയി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്തെ ആകെ കൊവിഡ മരണം 65,288 ആയി. 1.77 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്. നിലവില്‍ 7,85,996 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ശമനം ഇല്ലാതെ തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം പതിനാറായിരം കടന്നു. 341 പൊലീസുകാര്‍ കൂടി രോഗബാധിതരായി. 15,294 പൊലീസുകാര്‍ക്ക് ആണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. ഗ്രാമങ്ങളിലേക്കും രോഗം പടരുകയാണ്.