ന്യൂഡൽഹി: രാജ്യത്ത് ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം രണ്ട് വർഷം വരെ നീട്ടാനാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ലോക്ക്ഡൗൺ കാലത്ത് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.
മൊറട്ടോറിയം രണ്ട് വർഷത്തേക്ക് നീട്ടുന്നതിന് മുന്നോടിയായി ബാങ്കുകളും റിസർവ് ബാങ്കും ചർച്ച നടത്തി ഒരു തീരുമാനത്തിൽ എത്തണം. ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കുന്ന വിഷയമല്ല ഇതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. ലോക്ക്ഡൗൺ മൂലം ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നാണ് സുപ്രീംകോടതിയുടെ നിലപാട്.
മൊറട്ടോറിയം കാലയളവിൽ ലോൺ തിരിച്ചടവ് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും റിസർവ് ബാങ്കിന് പിറകിൽ കേന്ദ്രത്തിന് ഒളിക്കാൻ സാധിക്കില്ലെന്നും കഴിഞ്ഞ ആഴ്ച സുപ്രീം കോടതി കേന്ദ്രത്തോട് സൂചിപ്പിച്ചിരുന്നു. കേന്ദ്ര നിലപാട് സംബന്ധിച്ച് സത്യവാങ്മൂലം ഇനിയും ജഡ്ജിമാർക്ക് ലഭിക്കാത്ത സാഹചര്യത്തിൽ ജസ്റ്റിസ് അശോക് ഭൂഷണിന്റെ അദ്ധ്യക്ഷതയിലുളള ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.
രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് നാളത്തേക്ക് മാറ്റിയത്. ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മൊറട്ടോറിയം നീട്ടുന്നതിനൊപ്പം മൊറട്ടോറിയം കാലത്തെ പലിശയിൽ ഇളവ് നൽകണം എന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
മാർച്ചിൽ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസർവ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചിരുന്നു. മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവർക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്‌ക്കേണ്ടി വരും. മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. ധനമന്ത്രി നിർമല സീതാരാമൻ മറ്റന്നാൾ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.