wine

ഫ്രാൻസിലെ ഗാരോൺ നദിയുടെ തീരത്ത്, ഒരു വൈൻ ഡീകാന്ററിനോട് സാമ്യം തോന്നുന്ന ഒരു കെട്ടിടം കാണാൻ കഴിയും. ലാ സൈറ്റ് ഡു വിൻ എന്ന ഈ കെട്ടിടം വൈൻ സ്നേഹികളുടെ 'അമ്യൂസ്‌‌മെന്റ് പാർക്ക്' ആണ്. ഇതിന്റെ 3000 ചതുരശ്ര മീറ്റർ പ്രദേശത്തുള്ള എക്സിബിറ്റുകളിൽ വൈനുകളെ കുറിച്ച് ധാരാളം അറിവുകൾ പകർന്നു തരും. മുന്തിരിവള്ളിയുടെ കൃഷി, മുന്തിരി ഇനങ്ങൾ, വൈൻ ഉത്പാദനം മുതൽ പുരാതന വൈൻ വ്യാപാരംവരെ, 21ാം നൂറ്റാണ്ടിലെ വൈൻ ട്രെൻഡുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ നിന്ന് പഠിക്കാൻ കഴിയും. ഇവിടെ ഗൈഡുകളായി മനുഷ്യന്മാർ ഇല്ല എന്നതാണ് പ്രത്യേകത. എല്ലാം ഡിജിറ്റൽ ഗൈഡുകളാണ്. വൈനിന്റെ പൈതൃക സംരക്ഷണത്തിനായി നിർമ്മിച്ച ഒരു സാംസ്കാരിക കെട്ടിടമാണ് ലാ സൈറ്റ് ഡു വിൻ. ലോകമെമ്പാടുമുള്ള എണ്ണമറ്റ സംസ്കാരങ്ങളിലെ വൈൻ നിർമ്മാണ രീതികൾ ഇവിടെ പഠിപ്പിക്കുന്നു. കൂടാതെ സന്ദർശകർക്ക് ആസ്വാദ്യകരമായ ചില വ്യത്യസ്ത ആക്ടിവിറ്റികളും അനുഭവങ്ങളും സമ്മാനിക്കുന്നു.

ഈജിപ്ഷ്യൻ ശവകുടീരങ്ങൾ മുതൽ പതിനെട്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് സിമ്പോസിയ കഴിഞ്ഞ് 21-ാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന പല വിധത്തിലുള്ള വൈൻ നിർമ്മാണ രീതി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. വൈനറികൾ, ലേബലുകൾ, കുപ്പികൾ, പാക്കേജിംഗ് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ ഡിസൈനർമാർ വ്യത്യസ്തതകൾ കൊണ്ടുവരാൻ പരിശ്രമിക്കുകയാണ്. ആരോഗ്യം മുതൽ മാർക്കറ്റിംഗ് വരെയുള്ള എല്ലാ കാര്യങ്ങളും ചോദിച്ചറിയുന്നത് കൂടാതെ മികച്ച വൈൻ വിദഗ്ധരുമായും സംസാരിക്കുകയും ചെയ്യാം. കെട്ടിടത്തിന്റെ എട്ടാം നിലയിലെ ലാ ബെൽ‌വെഡെരെ എന്ന ഭാഗത്താണ് ടൂർ അവസാനിക്കുന്നത്. ഒരു ഗ്ലാസ് വൈൻ അല്ലെങ്കിൽ കുട്ടികൾക്ക് ഒരു ഗ്ലാസ് മുന്തിരി ജ്യൂസ് നൽകിയാണ് ടൂർ അവസാനിക്കുന്നത്. അവിടെ 30 മീറ്റർ നീളമുള്ള ബാറിൽ റീസൈക്കിൾ ചെയ്ത വൈൻ ബോട്ടിലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഷാൻഡിലിയറും കാണാൻ സാധിക്കും. 2016ൽ ആണ് ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത്.