charu-sinha

ന്യൂഡൽഹി: കാശ്മീരിൽനിന്ന് ഭീകരരെ തുരത്താൻ ഇനി​ 'പെൺപുലി'. സി ആർ പി എഫ് ശ്രീനഗർ സെക്ടറിലെ ഐ ജിയായി നിയമിതയായ ചാരു സിൻഹയാണ് ഈ പെൺപുലി. പെറ്റനാടിന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്ത് ഏറ്റെടുത്ത കാര്യങ്ങളെല്ലാം വെടിപ്പായി ചെയ്തുതീർത്ത് കയ്യടി നേടിയ വ്യക്തിയാണ് ചാരു. ഈ മികവാണ് ശ്രീനഗർ സെക്ടറിലെ ആദ്യ വനിതാ ഐ ജിയായി ചാരുവിനെ നിയമിക്കാൻ അധികൃതരെ പ്രേരിപ്പിച്ചതും. ഈ സെക്ടറി​ന്റെ പരി​ധി​യി​ലാണ് കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകുന്നതാണെന്നാണ് റി​പ്പോർട്ട്.

1996 ബാച്ച് തെലങ്കാന കേഡർ ഐ പി എസുകാരിയാണ് ചാരു. നേരത്തേ ബീഹാറിൽ നക്സലുകളെ ഒതുക്കാൻ ചാരുവിനെ നിയോഗിച്ചിരുന്നു. അധികൃതരുടെ പ്രതീക്ഷ ഒട്ടും തെറ്റിയില്ല. നാട്ടുകാരുടെയും ഭരണാധികാരികളുടെയും പേടിസ്വപ്നമായിരുന്ന നക്സലുകളെ ചുരുങ്ങിയ സമയങ്ങൾക്കുളളിൽ പലയിടത്തുനിന്നും തൂത്തെറിഞ്ഞു. ഇനി രക്ഷയില്ലെന്ന് കണ്ട് ചിലർ കീഴടങ്ങി. ചാരു എന്ന പേരുകേട്ടാൽ നക്സലുകൾ ജീവനുകൊണ്ട് പായുന്ന അവസ്ഥവരെയെത്തി കാര്യങ്ങൾ.

ചാരുവിന്റെ നിഘണ്ടുവി​ൽ പേടി​ എന്നൊരുവാക്കി​ല്ല. അതാണ് അവരുടെ ഏറ്റവും വലിയ പ്ളസ് പോയിന്റും. ഏത് കടുകട്ടി​ ഓപ്പറേഷനായാലും മുന്നി​ൽ നി​ന്ന് തന്നെ നയി​ക്കും. ഇത് സഹപ്രവർത്തകർക്ക് നൽകുന്ന ആത്മധൈര്യം ചെറുതല്ല. ബീഹാറി​ലെ മി​കച്ച സേവനത്തി​നുശേഷം ചാരുവി​നെ ജമ്മുവി​ലേക്ക് മാറ്റി​. കഴി​ഞ്ഞദി​വസമാണ് ശ്രീനഗർ സെക്ടറിലെ ഐ ജി​യായി​ നി​യമി​ച്ചത്. സംസ്ഥാന പൊലീസിനും ഇന്ത്യൻ സൈന്യത്തിനുമൊപ്പംചേർന്നാണ് ജമ്മുവിൽ സി ആർ പി എഫ് ജമ്മുവിൽ ഭീകരവിരുദ്ധ ഓപ്പറേഷനുകൾ നടത്തുന്നത്.

രാജ്യത്തിനുവേണ്ടി തന്നെക്കൊണ്ട് കഴിയും വിധം എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു കുഞ്ഞുന്നാൾ മുതൽ ചാരുവിന്റെ ആഗ്രഹം. സേനയിൽ ചേരുന്നതാണ് ആഗ്രഹം സാധിക്കാൻ ഏറ്റവും നല്ല മാർഗമെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. ആ തിരിച്ചറിവ് അക്ഷരം പ്രതി ശരിയാണെന്ന് തന്റെ പ്രവൃത്തികൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് ചാരു.