മാക്രോ ഫോട്ടോയെപ്പറ്റി നിരവധി തവണ ഇവിടെ സൂചിപ്പിച്ചിട്ടുണ്ട് . അവയുടെ ഫോട്ടോകൾ ഇതിനകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടല്ലോ. എങ്കിലും ഓരോ ചിത്രത്തിനും അതിന്റേതായ പ്രത്യേകതകളും പുതുമകളുമുണ്ട്. ഓരോ ചിത്രങ്ങൾക്കും അതിന്റെ പിന്നിലെ രസകരമായ കഥകൾ പറയാനുമുണ്ടാകും. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള അത്തരം ഒരു ചിത്രത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. തലക്കെട്ട് കണ്ടിട്ട് ഇത് ആത്മീയതയുമായി ബന്ധമുള്ളതാണെന്നു കരുതേണ്ട. സങ്കല്പങ്ങൾ മധുരമുള്ളതാണെന്നു പറയാറുണ്ട്. ശരിയാണ്. ആർക്കും എന്ത് വേണമെങ്കിലും ഇഷ്ടം പോലെ സങ്കൽപ്പിക്കാം.
പക്ഷേ യാഥാർത്ഥ്യം വേറെയാണെന്ന് ഓർമ്മവേണം! ഇതും അത്തരം ഒരു സങ്കൽപത്തിന്റെ കാര്യമാണ്. ഒരു തകര ഷീറ്റിൽ നിന്നും പെന്റഗൺ രൂപം മദ്ധ്യത്തിൽ നിർത്തി ബാക്കിഭാഗം സ്റ്റെൻസിൽ ചെയ്യാനും മറ്റും ഉപയോഗിക്കുന്ന തരത്തിൽ ഒരു പ്രത്യേകരീതിയിൽ വെട്ടിയെടുത്തിരിക്കുന്നു. കൃത്യമായ സിമെട്രി അല്ലെങ്കിലും ഒരു ടൂ ഡയമെൻഷനിലുള്ള ജ്യോമട്രിക്കൽ ഡയഗ്രം പോലെ തോന്നാം. വലിയ കാറ്റാടികളുടെയോ ജനറേറ്ററുകളുടെയോ ടർബൈൻ പോലെയോ ഒക്കെ സാദൃശ്യമുള്ള ഇത് എന്താണെന്ന് ഒറ്റനോട്ടത്തിൽ പറയുക എളുപ്പമല്ല.
ഓരോ വ്യക്തികളുടെയും ബ്ലഡ് ഗ്രൂപ്പ് വ്യത്യസ്തമായിരിക്കുന്നതുപോലെ അഭിരുചികളും ആസ്വാദന ശേഷിയും വ്യത്യസ്തമായിരിക്കും. ചില വിദ്വാൻമാർ ഒറ്റയടിക്ക് കണ്ടുപിടിച്ചുവെന്നും വരാം. എങ്കിലും പറയട്ടെ എല്ലാവർക്കും സുപരിചിതമായ ഒരു വസ്തുവിന്റെ ക്ളോസപ്പ് അഥവാ മാക്രോ ഷോട്ടാണ് ഇത്. എന്തെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇത്ര നിസാരമായിരുന്നോ എന്ന് തോന്നുകയും ചെയ്യും! കാർ ടയർ വീൽ കപ്പിന്റെയോ അതുപോലെ വൃത്താകാരത്തിലുള്ള എന്തിന്റെയോ സെന്റർ പാർട്ടാണെന്നും ഏതോ വലിയ കുഴലിന്റെ അടച്ചുവച്ച ഭാഗമാണെന്നും പലരും പറയുന്നുണ്ട്. സംഗതി അതൊന്നുമല്ല. വീട്ടിൽ കറിവെക്കാനായി മുറിച്ച വെണ്ടയ്ക്കായുടെ ക്രോസ് സെക്ഷന്റെ മാക്രോ ഷോട്ടാണ് ഇത്. എല്ലാവരും സാധാരണ വീടുകളിൽ ഉപയോഗിക്കുന്നതും എപ്പോഴും കാണുന്ന ഒരു സംഗതിയാണെങ്കിലും മിക്കവരും ശ്രദ്ധിക്കാറില്ലെന്നു മാത്രം. നിത്യജീവിതത്തിലെ നാം ഉപയോഗിക്കുന്നതും കാണുന്നതുമായ പലതിനെയും വേണ്ടരീതിയിൽ വിഷ്വലൈസ് ചെയ്താൽ അത്ഭുതകരമായ പല സൃഷ്ടികൾക്കും ജന്മം കൊടുക്കാനാകും.