ബ്രസീലിലെ പരാ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ഡെൽറ്റ ദ്വീപാണ് മരാജോ. മരാജോയുടെ വടക്കുപടിഞ്ഞാറായ ആമസോൺ അഴിമുഖവും വടക്ക് കിഴക്ക് അറ്റ്‌ലാൻഡിക് സമുദ്രവുമാണ്. മരാജോയുടെ കിഴക്ക് ഭാഗത്ത് കൂടി ആമസോണിന്റെ കൈവഴിയായ പരാ നദി ഒഴുകുന്നു. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് മരാജോ ദ്വീപ്. 400 ബി.സിയ്ക്കും 1600 എ.ഡിയ്ക്കുമിടെയിൽ ഇവിടെ പ്രാചീന കൊളംബിയൻ വംശജർ ജീവിച്ചിരുന്നു. ഏകദേശം 100,000 വരുമായിരുന്നു അന്ന് ഇവിടുത്തെ ജനസംഖ്യ. എന്നാൽ ഇന്ന് മനുഷ്യരേക്കാളേറെ പോത്തുകളെയാണ് ഇവിടെ കാണാൻ സാധിക്കുക. അതെ, തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ മരാജോയെ പോത്തുകളുടെ സാമ്രാജ്യം എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിപ്പം കൂടിയ 35ാമത്തെ ദ്വീപാണിത്.
പറഞ്ഞുവരുമ്പോൾ ഏകദേശം സ്വിറ്റ്സർലൻഡിനോളം വലിപ്പമുണ്ട് 40,1000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന മരാജോയ്ക്ക്. ആമസോൺ നദിയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപാണിത്. മഴക്കാലത്ത് വെള്ളപ്പൊക്കം മരാജോ ദ്വീപിൽ സാധാരണമാണ്. ആമസോൺ നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയരുന്നതാണ് പ്രധാന കാരണങ്ങളിൽ ഒന്ന്. 20 ഓളം നദികളാണ് മരാജോയിലുള്ളത്. ആമസോൺ നദിയിലുണ്ടാകുന്ന 13 അടി വരെ ഉയരത്തിലുള്ള വലിയ തിരകളോട് കൂടിയ ' പൊറോറോക ' എന്ന വേലിയേറ്റ പ്രതിഭാസവും മരാജോ ദ്വീപിനെ വ്യത്യസ്ഥമാക്കുന്നു. നിരവധി ടൂറിസ്റ്റുകളാണ് മരാജോയിലേക്ക് എത്തുന്നത്. തിരകളിലെ സർഫിംഗ് ആണ് ഇവിടെയെത്തുന്നവരുടെ പ്രധാന വിനോദം.
ഏകദേശം 450,000 ഏഷ്യൻ പോത്തുകളാണ് ഇവിടെയുള്ളത്. ഇവിടെ മനുഷ്യരേക്കാളേറെയും പോത്തുകളും എരുമകളുമാണ്. 400,000ത്തിനകത്താണ് മരാജോയിലെ ജനസംഖ്യ. പോത്ത് വളർത്താലാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിലുകളിൽ ഒന്ന്. കാർഷികാവശ്യത്തിനും പാലിനുമായാണ് ഇവയെ പ്രധാനമായും ആശ്രയിക്കുന്നത്. എണ്ണത്തിൽ കൂടുതലായതിനാൽ സഞ്ചാരാവശ്യത്തിനും പോത്തുകളെ ഇവിടുള്ളവർ ഉപയോഗിച്ച് വരുന്നു. മരാജോയിലെ തെരുവുകളിലൂടെ പട്രോളിംഗിനിറങ്ങുന്ന പൊലീസ് പോലും ഭീമൻ പോത്തുകളുടെ പുറത്താണ് സഞ്ചരിക്കുക.
മോട്ടർ ബൈക്കിനും കാറുകൾക്കും പുറമേയാണ് പൊലീസിന് പട്രോളിംഗിനായി പോത്തുകളുള്ളത്. ഓരോന്നിനും ഓരോ പേരും അധികൃതർ നൽകിയിട്ടുണ്ട്. ഇവിടുത്തെ ഐസ്ക്രീമിലും പാലിലും വെണ്ണയിലും തുടങ്ങിയ ഉത്പന്നങ്ങളിൽ വരെയും പേരിനൊപ്പമോ അല്ലെങ്കിൽ ലോഗോയിലോ പോത്തുകളുടെ സാന്നിദ്ധ്യം കാണാനാകും.
ഇത്രയധികം പോത്തുകൾ എങ്ങനെയാണ് ഈ ദ്വീപിലുണ്ടായി എന്നതിന് കൃത്യമായ ഉത്തരമില്ല. എങ്കിലും നാട്ടുകാർക്കിടയിൽ പൊതുവേ പറയപ്പെടുന്ന കഥ ഇങ്ങനെയാണ്. 1890ൽ ഏഷ്യൻ പോത്തുകളും എരുമകളുമായി ഒരു ചരക്കുകപ്പൽ അറ്റ്‌ലാൻഡിക് സമുദ്രത്തിലൂടെ കടന്നു പോകവെ മരാജോയുടെ തീരത്ത് വച്ച് തകർന്നത്രെ. അങ്ങനെയാണ് കപ്പലിലുണ്ടായിരുന്ന പോത്തുകൾ മരാജോ ദ്വീപിലേക്കെത്തുകയും പിന്നീട് ദ്വീപിലെ അനൂലാന്തരീക്ഷത്തിൽ ഇവയുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും ചെയ്തത്. ദ്വീപിലെ ആദ്യകാല താമസക്കാരിൽ ചിലർ ഏഷ്യയിൽ നിന്നും എത്തിച്ചതാണ് ഇവയെ എന്നും പറഞ്ഞു കേൾക്കുന്നുണ്ട്. ദ്വീപിലെ കണ്ടൽ കാടുകളും പുൽമേടുകളും ഇവയുടെ വളർച്ചയ്ക്ക് അനുകൂലമായി. എല്ലാ കുടുംബത്തിലും കുറഞ്ഞത് ഒരു പോത്തെങ്കിലും ഇവിടെ കാണാതിരിക്കില്ല.