തിരുവനന്തപുരം: അപകട ഭീതിയില്ലാതെ ജനങ്ങൾക്ക് റോഡ‌് മുറിച്ചുകടക്കുന്നതിനായി നഗരത്തിന്റെ ഹൃദയഭാഗമായ കിഴക്കേക്കോട്ടയിൽ നിർമ്മിക്കുന്ന ഫുട് ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാകാൻ ഇനിയും ഏറെ നാൾ കാത്തിരിക്കണം. നഗരത്തിൽ കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ഫുട്ഓവർ ബ്രിഡ്ജിന്റെ നിർമ്മാണ ജോലികൾ തടസപ്പെട്ടിരിക്കുകയാണ്. ഒക്ടോബറിൽ പണി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ വർഷം പണി പൂർത്തിയാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
നടക്കുന്നത് പൈലിംഗ് മാത്രം
പാലം നിർമ്മാണത്തിന്റെ ഭാഗമായുള്ള പൈലിംഗ് മാത്രമാണ് ഇപ്പോൾ നടന്നുവരുന്നത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തൊഴിലാളികളെ കൂട്ടത്തോടെ പണി എടുപ്പിക്കുന്നതിന് വിലക്ക് വന്നതോടെ നിർമ്മാണവും മുടന്താൻ തുടങ്ങി. മാത്രമല്ല, ലോക്ക് ഡൗണും മറ്റും പ്രഖ്യാപിച്ചതോടെ അന്യസംസ്ഥാനത്ത് നിന്ന് നിർമാണ സാധനങ്ങൾ കൊണ്ടുവരാനും ബുദ്ധിമുട്ടുണ്ടായി.
തറക്കല്ലിടൽ രണ്ടുതവണ
കഴിഞ്ഞ വർഷം ജൂലായിൽ മേയർ ആയിരിക്കെ വി.കെ.പ്രശാന്ത് എം.എൽ.എയാണ് ഫുട്ഓവർ ബ്രിഡ‌്‌ജിന് ആദ്യം തറക്കല്ലിട്ടത്. എന്നാൽ, മറ്റു നടപടിക്രമങ്ങൾ മുന്നോട്ടു പോകാതിരുന്നതോടെ തറക്കല്ലിലൊതുങ്ങി കാര്യങ്ങൾ. കോർപ്പറേഷനും റോഡ് ഫണ്ട് ബോർഡും തമ്മിലെ തർക്കവും നിർമ്മാണം വൈകാൻ കാരണമായി. പിന്നീട് വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രശാന്ത് എം.എൽ.എ ആയതോടെ ഈ വർഷം ഫെബ്രുവരി 29ന് ഇപ്പോഴത്തെ മേയർ കെ.ശ്രീകുമാർ ഓവർ ബ്രിഡ്ജിന് വീണ്ടും തറക്കല്ലിട്ടു. ഇത് വിവാദമായിരുന്നു.
ചെലവ് 55 കോടി
55 കോടി ചെലവിലാണ് ഫുട് ഓവർബ്രിഡ്‌ജ് നിർമിക്കുന്നത്. ഗാന്ധിപാർക്കിൽ നിന്നുതുടങ്ങി അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ വരെയും അവിടെ നിന്ന് റോഡിന്റെ മറുവശത്തേക്കുമാണ് ഫുട്ഓവർ ബ്രിഡ്‌ജ് വരുന്നത്. ഫുട്‌ഓവർ ബ്രിഡ്ജ് നിർമാണത്തിൽ കോർപറേഷന് ഒരു രൂപയുടെ പോലും ചെലവില്ല. പകരം പാലത്തിൽ നിർമ്മാണ കമ്പനിക്ക് പരസ്യം പതിക്കാൻ അനുമതി നൽകും. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിനും പട്ടം സെന്റ് മേരീസ് സ്‌കൂളിന് മുന്നിലും ഫുട്ഓവർ ബ്രിഡ്‌ജ് നിർമ്മിച്ച സൺ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് നിർമാണച്ചുമതല. പ്രാഥമിക സർവേ ആരംഭിച്ചെങ്കിലും മഴക്കാലത്ത് എത്ര അളവിൽ വെള്ളം കയറുമെന്നറിയാൻ വാട്ടർലെവൽ പരിശോധനയും വാഹനങ്ങളുടെ എണ്ണം കണ്ടെത്താനുള്ള ട്രാഫിക് സർവേയും ഇതുവരെ നടന്നിട്ടില്ല.
അണ്ടർപാസും വൈകും
കിഴക്കേക്കോട്ടയിൽ ഫുട്ഓവർ ബ്രിഡ്‌ജിനൊപ്പം അണ്ടർപാസു കൂടി നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിന് അഭിമുഖമായുള്ള കോട്ടയുടെ മുന്നിൽ നിന്നുതുടങ്ങി ഗാന്ധിപാർക്കിനടിയിലൂടെ ചാല കമ്പോളത്തിലേക്കാണ് അണ്ടർപാസ്. റോഡിൽ നിന്ന് 1.2 മീറ്റർ താഴ്ചയുണ്ടാകും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ഗാന്ധിപാർക്ക്, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, ചാല മാർക്കറ്റിനു സമീപം, സിറ്റി ബസ് ഡിപ്പോയ്ക്ക് സമീപം എന്നിങ്ങനെയാണ് അണ്ടർപാസിന്റെ പ്രവേശനകവാടങ്ങൾ. ഗാന്ധിപാർക്ക്, സെൻട്രൽ സ്കൂളിന് മുൻവശം എന്നിവിടങ്ങളിൽ 10 പേർക്ക് കയറാവുന്ന ലിഫ്‌റ്റുണ്ടാകും. അണ്ടർപാസ് നിർമ്മാണത്തിനുള്ള പദ്ധതിയുടെ രൂപരേഖയായെങ്കിലും വാട്ടർ അതോറിട്ടി, പൊതുമരാമത്ത്, കെ.എസ്.ഇ.ബി തുടങ്ങി വിവിധ വകുപ്പുകളും അനുമതി നൽകണം.
കൊവിഡ് കാരണമാണ് നിർമാണം വൈകുന്നത്. എത്രയും വേഗം പണി പൂർത്തിയാക്കും. കെ.ശ്രീകുമാർ, മേയർ