antony

അപ്രതീക്ഷിതമായി വന്ന കൊവിഡ് പ്രതിസന്ധി മലയാളസിനിമയ്ക്ക് വലിയ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. വര്‍ഷത്തിലെ ഏറ്റവും വലിയ സീസണുകളില്‍ ഒന്നായ ഓണക്കാലം നഷ്ടമായതിനൊപ്പം പൂര്‍ത്തിയായിരിക്കുന്ന ചിത്രങ്ങള്‍ ഇനി എന്ന് റിലീസ് ചെയ്യാനാവുമെന്ന അനിശ്ചിതാവസ്ഥ. റിലീസ് മാറ്റിവച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ ചിത്രം മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ്. 100 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം മാര്‍ച്ച് 26ന് മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ തീയേറ്ററുകളില്‍ എത്താനിരുന്നതാണ്.

കൊവിഡ് സാഹചര്യം മാറിയില്ലെങ്കില്‍ പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന ചിത്രത്തിന് മുമ്പ് ദൃശ്യം 2 ആകും റിലീസ് ചെയ്യുകയെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. കൊവിഡ് സിനിമാ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍:

'കൊവിഡ് സിനിമാ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കുഞ്ഞാലിമരക്കാര്‍ മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്നതാണ്. അതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ക് ഡൗണ്‍ വന്നത്.ആറ് മാസം മുമ്പേ ഡേറ്റ് അനൗൺസ് ചെയ്തിരുന്നതാണ്. കേരളത്തില്‍ രാത്രി 12 മണിക്ക് 300ല്‍ അധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന സിനിമയാണ് അത്. നേരം വെളുക്കുമ്പോഴേക്ക് 1000 അല്ലെങ്കിൽ 750 ഷോ എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അങ്ങനെ ഒരു സാഹചര്യം ഇനി എപ്പോള്‍ ഉണ്ടാകുമെന്ന് അറിയില്ല. അതിന്റെയൊക്കെ ഒരു സങ്കടമുണ്ട്.

നാല് ഭാഷകളിലായി ചെയ്തിരുന്ന സിനിമയാണ്. കൊവിഡിന്റെ സാഹചര്യമൊക്കെ മാറി, ആളുകള്‍ തിയേറ്ററില്‍ എത്തി തുടങ്ങിയതിന് ശേഷം മാത്രമേ കുഞ്ഞാലി മരക്കാര്‍ റിലീസ് ഉണ്ടാകൂ. കൊവിഡ് നീണ്ടു പോയാല്‍ ദൃശ്യം 2 ആകും ആദ്യം റിലീസ് ചെയ്യുക. ആദ്യ ഭാഗത്തില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും ദൃശ്യത്തിന്റെ രണ്ടാം ഭാഗമെന്നും നിര്‍മ്മാതാവ് പറയുന്നു. 'ദൃശ്യം 2-നെ കുറിച്ച് എല്ലാവരും ഒരു കഥ മനസില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ദൃശ്യം 2 അവര്‍ ഉദ്ദേശിക്കുന്ന സിനിമയായിരിക്കില്ല. ആരും ചിന്തിക്കാത്ത തരത്തിലുള്ള ഒരു കാര്യം ആ സിനിമയിലുണ്ടെങ്കിലേ അത് ചെയ്തിട്ട് കാര്യമുള്ളൂ, എന്നും സെക്കന്റ് പാര്‍ട്ടുകള്‍ വളരെ സൂക്ഷിച്ച് മാത്രമേ എടുക്കാന്‍ പാടുള്ളൂ. അതുകൊണ്ട് കഥയില്‍ വളരെ അധികം ജോലികള്‍ ചെയ്തിട്ടാണ് ജീത്തു ജോസഫ് അത് ചെയ്യുന്നത്.

മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ചിത്രീകരണം ലണ്ടനില്‍ ഫെബ്രുവരിയില്‍ പുനരാരംഭിക്കും. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനും പണിപ്പുരയിലാണ്. പൃഥ്വിരാജും മുരളി ഗോപിയുമൊക്കെ ചിത്രവുമായി ബന്ധപ്പെട്ട ജോലികളിലാണ്, അതിന്റെ ധാരണയായിട്ടുണ്ട്. വലിയ താമസമില്ലാതെ തന്നെ ചിത്രീകരണം തുടങ്ങും. ലൂസിഫര്‍ പോലുള്ള ചിത്രങ്ങളുടെ വിജയമാണ് വീണ്ടും ഇതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യം തരുന്നത്. മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളെല്ലാം കഴിഞ്ഞു, ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാമെന്നാണ് വിചാരിക്കുന്നത്. ഫുള്‍ ത്രീഡി ആയാണ് ചിത്രം നിര്‍മ്മിക്കുന്നത്', ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.