ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഭൗതികശരീരം പൂർണ സൈനിക ബഹുമതികളോടെ രാജ്യ തലസ്ഥാനത്ത് സംസ്‌കരിച്ചു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ലോധി റോഡിലെ ശ്‌മശാനത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകൾ നടന്നത്. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പ്രണബ് മുഖർജി മരണത്തിന് കീഴടങ്ങിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ കൊവിഡ് മാർഗ നിർദേശങ്ങളും പാലിച്ചാണ് സംസ്‌കാര ചടങ്ങുകൾ നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാവിലെ മുതൽ ഉച്ചയ്‌ക്ക് ഒന്നര വരെ രാജാജി മാർഗിലെ ഔദ്യോഗിക വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാർ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ രാജാജി മാർഗിലെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ഗൺ ക്യാരിയേജ് സംവിധാനത്തിന് പകരം വാനിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ചത്. പ്രണബിന്റെ വിയോഗത്തിന് പിന്നാലെ ഓഗസ്റ്റ് 31 മുതൽ സെപ്‌തംബർ ആറ് വരെ രാജ്യത്ത് ഔദ്യോഗിക ദു:ഖാചാരണം പ്രഖ്യാപിച്ചിരിക്കുകയാണ്.