ന്യൂഡൽഹി: മരടിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കാൻ പുറപ്പെടുവിച്ച ഉത്തരവും, പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷയായി വിധിച്ച സുപ്രീംകോടതി ബെഞ്ചിലെ അദ്ധ്യക്ഷനുമായ ന്യായാധിപൻ. ജസ്‌റ്റിസ് ലോയയുടെ മരണം അന്വേഷിക്കണമെന്ന് ബോംബെ ലോയേഴ്‌സ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ മുതിർന്ന ജഡ്‌ജിമാരെ മറികടന്ന് അന്ന് ചീഫ് ജസ്‌റ്റിസായിരുന്ന ദീപക് മിശ്ര, ജൂനിയറായ അരുൺ മിശ്രയെയാണ് കേസ് ഏൽപ്പിച്ചത്. അത്തരത്തിൽ ശ്രദ്ധേയമായ നിരവധി കേസുകൾക്ക് വാദം കേട്ടും വിധി പറഞ്ഞും ശ്രദ്ധയാകർഷിച്ച ജസ്‌റ്റിസ് അരുൺ മിശ്ര നീണ്ട ആറ് വർഷത്തെ സേവനശേഷം സുപ്രീംകോടതി ജഡ്‌ജി പദവിയിൽ നിന്ന് നാളെ വിരമിക്കുകയാണ്.
ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിന്റെ ഭരണകർത്താക്കൾക്ക് നിർദേശം നൽകുന്ന വിധി നൽകിയതോടെ തന്റെ അവസാന കോടതി വിധി നൽകിയതായി അരുൺ മിശ്ര അറിയിച്ചു. 'ഭഗവാൻ ശിവന്റെ കൃപയാൽ അവസാന വിധിയും നൽകിക്കഴിഞ്ഞു.' എന്നാണ് വിധിക്ക് ശേഷം അദ്ദേഹം പ്രതികരിച്ചത്.
ജസ്‌റ്റിസ് അരുൺ മിശ്രയുടേതായി ചില ശ്രദ്ധേയമായ വിധികളുണ്ട്. കേരളത്തിൽ ജനങ്ങളോർക്കുക മരട് ഫ്ളാറ്റുകൾ പൊളിക്കാനുളള വിധിയാകും. എസ്‌സി-എസ്ടി ആക്‌ട് അമെൻമെന്റ് ആക്‌ട്, പ്രശാന്ത് ഭൂഷണെതിരെയുളള കോടതിയലക്ഷ്യ വിധി എന്നിവ അത്തരത്തിലുളളവയാണ്. നേരത്തെ ടെലികോം കമ്പനികൾക്ക് അഡ്‌ജസ്‌റ്റ് ചെയ്‌ത മൊത്ത വരുമാന കുടിശിക തീർപ്പാക്കാനുളള ആശ്വാസ ഉത്തരവ് ജസ്‌റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് രാവിലെ പുറപ്പെടുവിച്ചിരുന്നു. തന്റെ വിരമിക്കൽ ദിനത്തിൽ കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ യാത്രയയപ്പ് പോലെയുളള ചടങ്ങുകൾ വേണ്ടെന്ന് പറഞ്ഞു അരുൺമിശ്ര.
മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായിരുന്ന എച്ച്.ജി.മിശ്രയുടെ മകനായ അരുൺ മിശ്ര കൽക്കത്ത ഹൈക്കോടതിയിൽ നിന്നാണ് 2014 ജൂലായിൽ സുപ്രീംകോടതിയിലേക്ക് എത്തിയത്.