ചെന്നൈ: അനുയായികൾക്കൊപ്പം ബി ജെ പി അംഗത്വം എടുക്കാനെത്തിയ ആറ് കൊലക്കേസ് പ്രതി പൊലീസിനെ കണ്ടതോടെ സ്ഥലം വിട്ടു. പക്ഷേ, നാല് അയുയായികൾ കസ്റ്റഡിയിലായി. കൊലക്കേസടക്കം അമ്പതിലേറെ കേസുകളിലെ പ്രതിയായ സൂര്യയാണ് പൊലീസിനെ വെട്ടിച്ച് കടന്നത്.
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ എൽ മുരുഗൻ ഉൾപ്പടെ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിലേക്കാണ് സൂര്യയും അനുയായികളും പാർട്ടിയിൽ ചേരുക എന്ന ലക്ഷ്യത്തോടെ എത്തിയത്. ഇവർ എത്തുമെന്ന് നേരത്തേ വ്യക്തമായ വിവരം കിട്ടിയതിനാൽ കൂടുതൽ പൊലീസിനെ മഫ്തിയിലും മറ്റും സ്ഥലത്ത് വിന്യസിച്ചിരുന്നു.
കാറിലാണ് മുരുകനും കൂട്ടാളികളും എത്തിയത്. കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് സൂര്യ പൊലീസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. ഉടൻതന്നെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രദേശത്താകെ ഇയാൾക്കുവേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സൂര്യയുടെ അനുയായികൾ എത്തിയെന്ന് കരുതുന്ന കാറിൽ നിന്ന് ഒരു വടിവാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പാർട്ടിയിൽ ചേരാനെത്തുന്നവരുടെ പശ്ചത്താലമൊന്നും അറിയില്ലെന്നായിരുന്നു സംസ്ഥാന അദ്ധ്യക്ഷൻ എൽ. മുരുഗന്റെ പ്രതികരണം. ക്രിമിനൽ പശ്ചാത്തലമുളള മറ്റൊരാൾക്ക് പാർട്ടി അംഗത്വം നൽകിയതിനെതുടർന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്.