ron-jerami

വാഷിംഗ്ടൺ: അശ്ലീല സിനികളിലെ സൂപ്പർ സ്‌റ്റാർ റോൺ ജെറമിക്കെതിരെ ബലാത്സംഗ പരാതികളുടെ കൂമ്പാരം. 13 സ്ത്രീകളുടെ പരാതിയിൽ ഇരുപതോളം ബലാത്സംഗ കുറ്റങ്ങളാണ് റോണിക്കെതിരേ ചുമത്തയിരിക്കുന്നത്. പരാതി ഉന്നയിച്ചവരിൽ 15 വയസുകാരി മുതൽ 54 വയസുകാരി വരെ ഉൾപ്പെടും. നേരത്തെ റോണിനെതിരെ ചുമത്തിയിരിക്കുന്ന കേസുകൾക്ക് പുറമെയാണ് ഈ പരാതി പ്രവാഹം.

2020-ലെ പുതുവത്സര ദിനത്തിൽ ഹോളിവുഡിന് പുറത്തുവച്ച് നടന്ന ലൈംഗികാതിക്രമം ആണ് ഏറ്റവും ഒടുവിലത്തെ പരാതി. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയിൽ റോൺ ജെറമി വിചാരണ നേരിടവെയാണ് പുതിയ പരാതികൾ എത്തിയിരിക്കുന്നത്. ജൂൺ 30ന് കേസിന്റെ വിചാരണയ്ക്കിടെ റോൺ ജെറമിയുടെ അഭിഭാഷകൻ തന്റെ കക്ഷിക്കെതിരേ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു. റോൺ ജെറമി നാലായിരത്തോളം സ്ത്രീകളുടെ ജാരനാണെന്നും സ്ത്രീകൾ സ്വമേധയാ റോണിയുടെ അടുത്തേക്ക് പോവുകയാണെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.

2017ൽ റോളിംഗ് സ്റ്റോൺ മാഗസിൻ പുറത്തുവിട്ട ഗുരുതര ആരോപണങ്ങളും നടൻ നേരത്തെ നിഷേധിച്ചിരുന്നു. ജെറമി മോശമായ രീതിയിൽ സ്പർശിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു ചില സ്ത്രീകൾ മാഗസിനിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ താൻ ഒരിക്കലും ആരെയും ബലാത്സംഗം ചെയ്തിട്ടില്ലെന്നായിരുന്നു നടന്റെ പ്രതികരണം. നിലവിൽ തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജെറമി നിഷേധിച്ചിട്ടുണ്ടെങ്കിലും കുറ്റം തെളിഞ്ഞാൽ കഠിന തടവാണ് ജെറമിയെ കാത്തിരിക്കുന്നത്.

I am innocent of all charges. I can’t wait to prove my innocence in court! Thank you to everyone for all the support.

— Ron Jeremy (@RealRonJeremy) June 23, 2020

25,30 വയസ് പ്രായമുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്‌തുവെന്നും 33,46 വയസ് പ്രായമുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് ജെറമി ഇപ്പോൾ നേരിടുന്ന കേസുകൾ. ഇതിനുപിന്നാലെയാണ് അശ്ലീലസിനിമകളിലെ സൂപ്പർതാരത്തിനെതിരേ കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയത്.

നാല് പതിറ്റാണ്ടിനിടെ 1700ലേറെ അശ്ലീല സിനിമകളിലാണ് ജെറമി അഭിനയിച്ചത്. അശ്ലീല സിനിമകളിൽ ഏറ്റവും കൂടുതൽ തവണ അഭിനയിച്ച താരമെന്ന ഗിന്നസ് റെക്കോഡും ജെറമിയെ തേടിയെത്തി. 2001-ൽ പോൺസ്റ്റാർ- ദി ലെജന്റ് ഓഫ് റോൺ ജെറമി എന്ന ഡോക്യുമെന്ററിയും പുറത്തിറക്കിയിരുന്നു. കമ്പ്യൂട്ടർ ഗെയിമുകളിലെ കഥാപാത്രമായും ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട ജെറമി നിരവധി സംഗീത വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.