wuhan

ബീജിംഗ് : ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ ഇന്ന് കൊവിഡിന് മുന്നിൽ പകച്ച് നിലക്കുകയാണ്. വാക്സിന് വേണ്ടി ശാസ്ത്രലോകം കഠിന പ്രയത്നത്തിലാണ്. മാസ്കും സാമൂഹ്യ അകലുവുമൊന്നുമില്ലാതെ പുറത്തിറങ്ങിയാൽ പണി കിട്ടും. എന്നാണ് എല്ലാം പഴയ പോലെ ആവുക എന്ന് ആലോചിച്ചിട്ട് ഒരു ഐഡിയയുമില്ല. എന്നാൽ കൊവിഡ് 19 ഉത്ഭവിച്ച മദ്ധ്യ ചൈനയിലെ വുഹാൻ നഗരത്തിലെ സ്ഥിതി ആകെ മാറിയിരിക്കുകയാണ്.

നീണ്ട ഏഴ് മാസങ്ങൾക്ക് ശേഷം വുഹാനിലെ സ്കൂളുകളും കിന്റർഗാർട്ടനുകളും തുറന്നിരിക്കുകയാണ്. ഫേസ്മാസ്കുകൾ ധരിച്ചാണ് കുട്ടികൾ സ്കൂളുകളിലേക്കെത്തിയത്. വുഹാനിൽ 2,800 കിന്റർഗാർട്ടനുകൾ, പ്രൈമറി - മിഡിൽ സ്കൂളുകളിലായി 1.4 ദശലക്ഷത്തോളം കുട്ടികളാണ് ഇന്ന് മുതൽ വീണ്ടും തങ്ങളുടെ ക്ലാസുകളിലേക്ക് മടങ്ങിയെത്തിയത്. വുഹാനിലെ ഹൈസ്കൂളുകളിൽ മേയ് മുതൽ ക്ലാസുകൾ ആരംഭിച്ചിരുന്നു. പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ചൈനീസ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. കൊവിഡ് കാലത്ത് സാമൂഹ്യ അകലം പാലിക്കണമെന്നാണ് പറയുന്നതെങ്കിലും ഇന്ന് മുതൽ ആരംഭിച്ച വുഹാനിലെ സ്കൂളുകളിൽ പതിവ് പോലെ അസംബ്ലികൾ സംഘടിപ്പിച്ചിരുന്നു. ക്ലാസ് മുറികളിലും കുട്ടികൾ കാര്യമായ അകലം പാലിക്കുന്നില്ല.

സ്കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും മാസ്ക് ധരിക്കണമെന്നാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ബസ്, ട്രെയിൽ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ പാടില്ല. രോഗവ്യാപനം തടയുന്നതിനുള്ള പരിശീലന സെഷനുകൾ എല്ലാ സ്കൂളുകളിലും നടപ്പാക്കും. ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 80 ശതമാനവും കൊവിഡ് മരണവും വുഹാൻ നഗരത്തിൽ നിന്നായിരുന്നു. 4,600ലേറെ പേരാണ് വുഹാനിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ജനുവരി അവസാനം മുതൽ രണ്ട് മാസത്തിലേറെ നീണ്ടു നിന്ന കർശന ലോക്ക്ഡൗണിലൂടെയാണ് വുഹാൻ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടിയത്. മേയിൽ വുഹാനിലെ മുഴുവൻ ജനങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അടുത്തിടെയാണ് വുഹാനിലെ വാട്ടർ പാർക്കുകളിൽ മാസ്കോ സാമൂഹ്യ അകലമോ ഇല്ലാതെ ജനങ്ങൾ ഒത്തുകൂടി അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്.

ഏകദേശം 11 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന വുഹാനിൽ 1.10 കോടി പേരാണ് കൊവിഡ് ബാധിതരായതെന്നാണ് കണക്ക്. ആയിരക്കണത്തിന് പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് വുഹാനിൽ ലോക്ക്ഡൗൺ നീക്കിയത്. നീണ്ട 76 ദിവസങ്ങൾക്ക് ശേഷം ജൂണിലാണ് വുഹാനിൽ കർശന ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും നീക്കി ജനങ്ങൾക്ക് പൂർണമായും തുറന്നു നൽകിയത്. മേയ് പകുതി മുതൽ വുഹാൻ ഉൾപ്പെടുന്ന ഹ്യൂബെയ് പ്രവിശ്യയിൽ ആർക്കും സമ്പർക്കത്തിലൂടെ രോഗവും സ്ഥിരീകരിച്ചിരുന്നില്ല. വുഹാന് പുറമേ ചൈനയുടെ പല ഭാഗത്തും സ്കൂളുകൾ അടുത്തിടെ തുറന്നിരുന്നു. ഷാംഗ്ഹായിയിൽ മേയിൽ തന്നെ സ്കൂളുകൾ തുറന്നിരുന്നു. ചൈനയുടെ തലസ്ഥാനമായി ബീജിംഗിൽ ഈ മാസം തന്നെ സ്കൂളുകൾ തുറക്കുമെന്നാണ് വിവരം.