illis

ഈ ഓണക്കാലത്ത് വിവിധ രാജ്യങ്ങളിൽ നിന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളുമായ മലയാളികൾക്ക് ആ രാജ്യത്തെ ജനങ്ങൾ ഓണാശംസകൾ കൈമാ‌റുന്നുണ്ട്. എന്നാൽ ലാത്വിയയിൽ നിന്നുള‌ള ഈ ഓണാശംസയും അത്തപ്പൂക്കളത്തിനും അൽപം പ്രത്യേകത കൂടും. ഇലിസ് സർക്കോണ എന്ന ലാത്വിയൻ സ്വദേശിനിയാണ് ലോകമെങ്ങുമുള‌ള മലയാളികൾക്ക് പൂക്കളമൊരുക്കി സ്വദേശത്ത് നിന്നും ഓണാശംസ നേരുന്നത്.

മലയാളികൾ അങ്ങനെ മറക്കാനിടയില്ല ഇലിസിനെ. കേരളത്തിലെത്തി ഇവിടെ കാണാതായി ഒടുവിൽ കോവളത്ത് കണ്ടൽകാട്ടിൽ തിരിച്ചറിയാത്ത നിലയിൽ കണ്ടെത്തിയ ലാത്വിയൻ സ്വദേശിനി യുവതിയുടെ സഹോദരിയാണ് ഇലിസ്. കാണാതായ സഹോദരിയെ കണ്ടെത്താൻ വിവിധ തലത്തിലെ സർക്കാർ ഉദ്യോഗസ്ഥരോടും മാദ്ധ്യമ പ്രവർത്തകരോടും നിരന്തരം ബന്ധപ്പെട്ടിരുന്നു ഇലിസ് അന്ന്. ഇലിസിന്റെ ശ്രമം അന്ന് വലിയ വാർത്താ പ്രാധാന്യവും നേടി.

ഒടുവിൽ കണ്ടൽകാടുകളിൽ നിന്ന് തന്റെ സഹോദരിയുടെ ദേഹം കണ്ടെത്തിയപ്പോൾ അത് തിരിച്ചറിഞ്ഞ് ഇവിടെ സംസ്‌കാരം നടത്തിയ ശേഷമാണ് ഇലിസ് മടങ്ങിപ്പോയത്. സഹോദരിയുടെ ജീവിതം ഇവിടെ അവസാനിച്ചെങ്കിലും ഇലിസ് കേരളത്തെ വെറുത്തില്ല,​ പകരം സ്‌നേഹത്തോടെയാണ് സമീപിച്ചത്. അതിന് ഏ‌റ്റവും പുതിയ ഉദാഹരണമാണ് സ്വന്തം വീട്ടിലൊരുക്കിയ അത്തപ്പൂക്കളവും,​ ഓണാശംസയും. മുൻപ് 2018ലെ പ്രളയസമയത്തും കേരളത്തോട് അനുഭാവ പൂർവമായ പെരുമാ‌റ്റം പ്രകടിപ്പിച്ചു ഇലിസ്. ദുരനുഭവം ഉണ്ടായ നാടിനോടുപോലും സ്നേഹത്തോടെ പെരുമാറുന്ന ഇലിസ് ഈ ഓണക്കാലത്ത് വേറിട്ടൊരു സ്നേ‌ഹ സന്ദേശമാണ് നൽകുന്നത്.