വത്തിക്കാൻ: ആഗോളതാപനത്തിനെതിരെ വീണ്ടും പോരാടാൻ ആഹ്വാനം ചെയ്ത് പോപ്പ് പ്രാൻസിസ്. 2015ലെ പാരീസ് കാലാവസ്ഥാ കരാർ പ്രകാരം എല്ലാ രാജ്യങ്ങളും പ്രകൃതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നാണ് പോപ്പിന്റെ ആഹ്വാനം. ആധുനിക സമൂഹം നമ്മുടെ ഗ്രഹത്തെ അതിന്റെ പരിധികൾക്കപ്പുറം ശല്യപ്പെടുത്തിക്കഴിഞ്ഞു. നിലവിൽ കാലാവസ്ഥാ അടിയന്തിരാവസ്ഥയാണ് നടന്നുകൊണ്ടിരിക്കുന്നത്. സൗകര്യങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം നമ്മെ കടുത്ത പ്രകൃതി ചൂഷകരാക്കി. കാടുകൾ കൈയേറി, മേൽമണ്ണ് നശിപ്പിച്ചു, നിലങ്ങളില്ലാതായി, മരുഭൂമികൾ വർദ്ധിച്ചു, കടൽ മലിനമായി, കാറ്റുകളുടെ സാന്ദ്രത കൂടി അങ്ങനെ പ്രകൃതി തന്നെ മാറിയെന്നും പ്രാർത്ഥനയിൽ പോപ്പ് ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പരിഹാരം കാണേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
'പാരിസ് ക്ളൈമറ്റ് എഗ്രിമെന്റിൽ" നിന്ന് അടുത്തിടെ അമേരിക്ക പിൻവാങ്ങിയിരുന്നു. പദ്ധതികൾക്കായി വൻതുക വേണ്ടിവരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാറിൽ നിന്ന് പിൻവാങ്ങിയത്.