സൗദി: ആഫ്രിക്കന്‍ കുടിയേറ്റക്കാരെ സൗദിയിലെ കൊവിഡ് തടങ്കലില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ദിനപത്രമായ സണ്‍ഡേ ടെലിഗ്രാഫ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. പുറത്തുവരുന്ന ചിത്രങ്ങള്‍ ഇത് ശരിവെയ്ക്കുന്നതാണ്. നൂറുകണക്കിന് ആഫ്രിക്കന്‍ കുടിയേറ്റക്കാരെയാണ് സൗദിയിലെ കൊവിഡ് തടങ്കലില്‍ ഭയാനകമായ സാഹചര്യത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
തിങ്ങിനിറഞ്ഞ് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍
മെലിഞ്ഞുണങ്ങിയ ശരീരത്തോടുകൂടിയ ആളുകള്‍ ചെറിയ മുറികളില്‍ തിങ്ങിനിറഞ്ഞ് കിടക്കുന്നതിന്റെ ചിത്രം പകര്‍ത്തി കുടിയേറ്റക്കാര്‍ തന്നെയാണ് പുറത്തുവിട്ടത്. 12 ലധികം ആളുകള്‍ ഒരു ചെറിയ മുറിയില്‍ തിങ്ങിനിറഞ്ഞ് കിടക്കുന്നു. ഒന്നിലധികം മുറികളിലായി തറയില്‍ കിടക്കുന്ന കുടിയേറ്റക്കാരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. നാല് മാസത്തിലേറെയായി തങ്ങളെ സൗദിയിലെ കൊവിഡ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് എത്യോപ്യന്‍ സ്വദേശിയായ ആബെബെ പറയുന്നു.
വൈദ്യുത കമ്പി ഉപയോഗിച്ച് ശാരീരിക ഉപദ്രവം നടന്നതായി കുടിയേറ്റക്കാരില്‍ ഒരാള്‍ പറയുന്നു. മാത്രമല്ല, വംശീയ അധിക്ഷേപം നടന്നതായും പറയുന്നു. കൊടിയ പീഡനം സഹിക്കവയ്യാതെ കൗമാരക്കാരന്‍ കൊവിഡ് തടങ്കലില്‍ തൂങ്ങിമരിച്ചതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ സൗദി അറേബ്യയിലെ തടങ്കല്‍ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിന്നും വളരെ കുറവാണ്. സൗദി അറേബ്യ പോലുള്ള ഒരു സമ്പന്ന രാജ്യത്താണ് കുടിയേറ്റക്കാരെ ഇത്തരത്തില്‍ തികച്ചും പരിതാപകരമായ അവസ്ഥയില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
കൊവിഡിനെ തുടർന്ന് സൗദി അറേബ്യന്‍ സര്‍ക്കാര്‍ മാര്‍ച്ചില്‍ നാടുകടത്തിയത് മൂവായിരത്തോളം എത്യോപ്യന്‍ കുടിയേറ്റ തൊഴിലാളികളെയാണ്. 200,000 കുടിയേറ്റക്കാരെ നാടുകടത്താന്‍ തീരുമാനിച്ചിരുന്നു. പിന്നാലെ, അവര്‍ തടങ്കലില്‍ അവഗണനയ്ക്ക് ഇരയായി.കൊവിഡ് തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കുടിയേറ്റക്കാര്‍ മരണം കാത്തുകിടക്കുകയാണ്. താപാഘാതം മൂലം മരിച്ചയാളുടെ മൃതദേഹം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. മതിയായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. പ്രതീക്ഷകളെല്ലാം നശിച്ച് ആത്മഹത്യ ചെയ്ത ചിത്രങ്ങളും പുറത്തുവന്നിരുന്നു.