തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് കുത്തനെ കുറഞ്ഞതായി വിവരം. ഇന്ന് വെറും 14,137 സാംപിളുകൾ പരിശോധിച്ചപ്പോഴാണ് 1140 പേരിൽ രോഗം കണ്ടെത്തിയത്. ഇന്നലത്തെ കണക്കുകൾ അനുസരിച്ച് 18,027 സാംപിളുകൾ പരിശോധിച്ചപ്പോഴാണ് 1530 പേർക്കാണ് രോഗം വന്നതായി കണ്ടെത്തിയത്.
സാധാരണ 30, 000 മുതൽ 50,000ത്തിൽ കൂടുതൽ വരെ സാംപിളുകളാണ് പരിശോധനയ്ക്കായി എടുത്തിരുന്നത്. ഇതുതന്നെയാണ് രണ്ടുദിവസമായി സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം കുറവായി രേഖപ്പെടുത്തുന്നതെന്നാണ് അനുമാനം.
പരിശോധനാ സാംപിളുകളുടെ എണ്ണം കുറയാൻ ഓണാവധിയും മറ്റും കാരണമായെന്നും കരുതപ്പെടുന്നു. നൂറ് ദിന കർമപദ്ധതിയിലൂടെ ദിവസേന അരലക്ഷം കൊവിഡ് ടെസ്റ്റുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
അതോടൊപ്പം സെപ്തംബർ മാസത്തിൽ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം കൂടുമെന്നും വിദഗ്ദസമിതി റിപ്പോർട്ട് നൽകിയിരുന്നു. പരിശോധനാ നിരക്ക് കുറഞ്ഞിട്ടും ഇത്രയും പേരിൽ രോഗം കണ്ടെത്തിയെന്ന വസ്തുത ആശങ്കപ്പെടുത്തുന്നതുമാണ്.
ഇതുമൂലം ഇനി വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുമെന്നുള്ള ആശങ്കയും വർദ്ധിപ്പിക്കുന്നു. ടെസ്റ്റിലൂടെ രോഗബാധിതനെ കണ്ടെത്തിയാൽ മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനാവും എന്നതാണ് ഏറ്റവും വലിയ മെച്ചങ്ങളിൽ ഒന്ന്. എന്നാൽ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ ഇത് അസാദ്ധ്യമായി മാറുകയാണ്.
Content Highlights: Teasting rate ini Kerala goes down despite CM's promise of increasing testing by 2 lakhs per day.