messi

മാഡ്രിഡ് : സീസണിന് മുന്നോടിയായുള്ള മെഡിക്കൽ ടെസ്റ്റിൽ പങ്കെടുക്കാതിരുന്ന ലയണൽ മെസി പുതിയ പരിശീലകൻ റൊണാൾഡ് കൂമാനു കീഴിലെ ബാഴ്സലോണയുടെ ആദ്യ പരിശീലന സെഷനിലും പങ്കെടുത്തില്ല.

ഞായറാഴ്ചയായിരുന്നു മെഡിക്കൽ ടെസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് 5.30-ന് ആരംഭിച്ച പരിശീലന സെഷനായി മറ്റ് താരങ്ങളെല്ലാം എത്തിയപ്പോൾ മെസി മാത്രം വിട്ടുനിന്നു. നേരത്തെ തന്നെ ക്ലബ്ബ് വിടാൻ തീരുമാനിച്ചതിനാൽ പരിശീലനത്തിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് താരത്തിന്റെ അഭിഭാഷകരുടെ പ്രതികരണം.

അതേസമയം മെസിയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണു ബാഴ്സ. മെസിയും നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.

2017-ൽ പുതുക്കിയ കരാർ പ്രകാരം മെസിക്ക് ബാഴ്സയുമായി 2021 ജൂൺ വരെ കരാറുണ്ട്. ഒരു സീസണിന്റെ അവസാനം ക്ലബ് വിടാൻ മെസിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാർ. ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് മെസ്സി ഇപ്പോൾ ക്ലബ്ബ് വിടാൻ താത്‌പര്യമറിയിച്ച് കത്തയച്ചിരിക്കുന്നത്.

പക്ഷേ ഇത്തരത്തിൽ മെസിക്ക് ക്ലബ്ബ് വിടണമെങ്കിൽ ജൂൺ 10-ന് മുമ്പേ അറിയിക്കണമായിരുന്നുവെന്നും ജൂൺ പത്തോടെ ഈ കരാർ വ്യവസ്ഥ അവസാനിച്ചെന്നുമാണ് ബാഴ്സയുടെ നിലപാട്. ഇതു പ്രകാരം 2021 ജൂൺ വരെയുള്ള കരാർ റദ്ദാക്കി മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ 700 ദശലക്ഷം യൂറോ ( 6150 കോടിയോളം രൂപ) നൽകേണ്ടി വരുമെന്നാണ് ക്ലബ്ബിന്റെ നിലപാട്.

കോവിഡ്-19 രോഗവ്യാപനം കാരണം സീസൺ നീട്ടിയതിനാൽ ജൂൺ 10 എന്ന തീയതി കണക്കാക്കാൻ സാധിക്കില്ലെന്നാണ് താരത്തിന്റെ നിയമോപദേശകരുടെ വാദം. ആഗസ്റ്റിലാണ് സീസൺ അവസാനിച്ചതെന്നും നിയമോപദേശകർ ചൂണ്ടിക്കാട്ടുന്നു.