csk

ന്യൂഡൽഹി: ഐപിഎലിനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിൽ കൊവിഡ് സ്ഥിരീകരിച്ച 13 പേർക്കും ഇന്ന് പരിശോധനാ ഫലം നെഗ‌‌റ്റീവായതായി ടീം സിഇഒ കെ.എസ്.വിശ്വനാഥ് അറിയിച്ചു. ഇന്ത്യൻ ടീമംഗം ദീപക് ചഹാർ, ഇന്ത്യ എ ബാ‌റ്റ്‌സ്‌മാൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഉൾപ്പടെ 13 പേർക്കാണ് മുൻപ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് 14 ദിവസം ക്വാ‌റന്റൈനിലായ ഇവർക്ക് ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെ‌ഗ‌റ്രീവായത്.

ഇന്ന് പരിശോധിച്ചവർക്കെല്ലാം സെപ്‌തംബർ 3ന് വീണ്ടും പരിശോധന നടത്തുമെന്നും അതിന് ശേഷം 4ന് ടീം പരിശീലനം ആരംഭിക്കുമെന്നും വിശ്വനാഥ് അറിയിച്ചു. സെപ്‌തംബർ 19നാണ് ഐപിഎൽ ആരംഭിക്കുക. കൊവിഡ് ഭീതിയെ തുടർന്ന് വിദേശത്തേക്ക് ഇത്തവണ ഐപിഎൽ നടത്തിപ്പ് മാ‌റ്റിയിരുന്നു ഇതിനിടെയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ട് കളിക്കാരല്ലാതെ സമൂഹമാദ്ധ്യമ വിഭാഗത്തിൽ പെട്ടവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ കുടുംബത്തിനുണ്ടായ ദുരന്തത്തെ തുടർന്ന് മുതിർന്ന ടീമംഗം സുരേഷ് റെയ്‌ന തിരികെ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുക.