ഇൻഡോർ: പ്രാദേശിക ഭരണകൂടം ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മുഹര്‍റം ദിനത്തില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഘോഷയാത്ര നടത്തിയതിന് അഞ്ച് പേരെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി പൊലീസ് അധികൃതര്‍ അറിയിച്ചു. അറുപതുകാരനായ മുന്‍ കൗണ്‍സിലര്‍ ഉസ്മാന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള വരെയാണ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തില്‍ (സി.എ.എ) പ്രതിഷേധിച്ച് ഫെബ്രുവരിയില്‍ ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണ് മുന്‍ കൗണ്‍സിലര്‍ ഉസ്മാന്‍ പട്ടേല്‍.
അഞ്ചുപേരെയും ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചതായി അവര്‍ പറഞ്ഞു. കൊവിഡ് കണക്കിലെടുത്ത് ജില്ലയിലെ എല്ലാ മത പരിപാടികള്‍ക്കും ഇന്‍ഡോര്‍ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടും മുഹറം ദിനത്തില്‍ ഖജ്രാന പ്രദേശത്ത് ഘോഷയാത്ര നടത്തിയിരുന്നു. രാജ്യത്തുടനീളമുള്ള മുഹറം ഘോഷയാത്രയ്ക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചിരുന്നു.
ഉസ്മാന്‍ പട്ടേല്‍, ഇസ്മായില്‍ പട്ടേല്‍ (45), അന്‍സാര്‍ പട്ടേല്‍ (38), മുഹമ്മദലി പട്ടേല്‍ (65), ഷഹസാദ് പട്ടേല്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് വിജയ് ഖത്രി പറഞ്ഞു. മുഹര്‍റം ഘോഷയാത്രയ്ക്കിടെ കൊവിഡ് അനുബന്ധ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഒരാള്‍ക്കെതിരെ എന്‍എസ്എ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഖജ്റാന പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ദിനേശ് വര്‍മ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് 22 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹറം ഘോഷയാത്രയില്‍ ഉത്തരവുകള്‍ ലംഘിച്ച മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. സി.എ.എ ഭരണഘടനാ വിരുദ്ധ വ്യവസ്ഥയാണെന്ന് ആരോപിച്ച് ഉസ്മാന്‍ പട്ടേല്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബി.ജെ.പി വിട്ടത്.