prabha

പത്തനംതിട്ട: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കോന്നി വകയാർ പോപ്പുലർ ഫൈനാൻസ് റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയ അന്വേഷണ സംഘം, ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്ന ഉടമകളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. 2014 മുതൽ നിക്ഷേപം സ്വീകരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. 12 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തത്. ഇത് റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്ക് എതിരാണ്. 2014ൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഹൈക്കോടതിയെ സമീപിച്ച് ഉടമകൾ തുടർനടപടികൾ നീട്ടിക്കൊണ്ടുപോയി.

അറസ്റ്റിലായ മാനേജിംഗ് പാർട്ണർ തോമസ് ഡാനിയേൽ കൊല്ലം നായേഴ്സ് ആശുപത്രിയിലെ കൊവിഡ് സെന്ററിലും ഭാര്യയും പാർട്ണറുമായ പ്രഭാ തോമസ്, മക്കൾ റിനു (ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ), റേബ (ഡയറക്ടർ ബോർഡ് അംഗം) എന്നിവഇൗസ്റ്റ്ഫോർട്ട് ജി.എൽ.എസ് കൊവിഡ് സെന്ററിലും കഴിയുകയാണ്.

മക്കളുടെ പേരിൽ

21 കടലാസ് കമ്പനികൾ

മക്കളുടെ പേരിലാണ് 21 ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പ് കമ്പനികൾ. ഇത് കടലാസ് സ്ഥാപനങ്ങളാണ്. സംഭാവനകളായാണ് സമീപകാലത്ത് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. കമ്പനികൾ നഷ്ടത്തിലാണെന്ന് വരുത്തി രണ്ടാഴ്ച മുമ്പ് ഉടമസ്ഥാവകാശം തോമസ് ഡാനിയേലിന്റെ പേരിലേക്ക് മാറ്റിയിരുന്നു.

നാട്ടുകാരുടെ സ്വർണം

80 കോടിക്ക് പണയംവച്ചു

വിവിധ ബ്രാഞ്ചുകളിൽ ഇടപാടുകാർ ഈടായി നൽകിയ സ്വർണം മറ്റു ബാങ്കുകളിൽ പണയം വച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകളുടെ തിരുവനന്തപുരം, കൊട്ടാരക്കര ബ്രാഞ്ചുകളിൽ സ്വർണം വച്ച് 80 കോടി രൂപയാണ് വാങ്ങിയത്. തോമസ് ഡാനിയേലിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ കുറച്ചു ലക്ഷങ്ങൾ മാത്രമേയുള്ളൂ.

സാമ്പത്തിക കാര്യങ്ങളിൽ വിദഗ്ദനായ മാനേജർ രാജി വച്ചതോടെ കമ്പനി പ്രതിസന്ധിയിലായെന്ന് അറിഞ്ഞ നിക്ഷേപകർ പരാതിയുമായി രംഗത്തുവരികയായിരുന്നു.