ന്യൂഡൽഹി: ടെലികോം കമ്പനികൾ കേന്ദ്രസർക്കാരിന് വീട്ടാനുള്ള എ.ജി.ആർ കുടിശിക പത്തുവർഷത്തിനകം നൽകിയാൽ മതിയെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് 1.5 ലക്ഷം കോടി രൂപ വരുന്ന കുടിശിക 2031നകം അടച്ചാൽ മതിയെന്ന് ഉത്തരവിട്ടത്.
മൊത്തം കുടിശികയുടെ 10 ശതമാനം നടപ്പു സാമ്പത്തിക വർഷം തന്ന കമ്പനികൾ അടയ്ക്കണം. ടെലികോം ഇതര വരുമാനം കൂടി ഉൾപ്പെടുത്തി, അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) ഇനത്തിൽ ഫീസ് നൽകണമെന്നായിരുന്നു ടെലികോം കമ്പനികൾക്ക് കേന്ദ്ര നിർദേശം. ടെലികോം വരുമാനം മാത്രമേ കണക്കാക്കാവൂ എന്നുകാട്ടി കമ്പനികൾ എതിർത്തെങ്കിലും സർക്കാർ നിർദേശം സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
കുടിശിക വീട്ടാൻ സാവകാശം ലഭിച്ചത് ടെലികോം ഓഹരികൾക്ക് ഇന്നലെ നേട്ടമായി. സർക്കാരിന് 50,000 കോടി രൂപയാണ് വൊഡാഫോൺ-ഐഡിയ വീട്ടാനുള്ളത്; എയർടെല്ലിന്റെ ബാദ്ധ്യത 25,976 കോടി രൂപ. കുടിശിക വീട്ടാൻ വീഴ്ച വരുത്തിയാൽ സി.ഇ.ഒയ്ക്ക് എതിരെ നടപടി എടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുടിശിക വീട്ടുന്നത് സംബന്ധിച്ച പേഴ്സണൽ ഗ്യാരന്റി ടെലികോം കമ്പനികളുടെ സി.ഇ.ഒമാർ നാലാഴ്ചയ്ക്കകം സമർപ്പിക്കണം.