indian-army

ന്യൂഡൽഹി: ചൈനീസ് അധിനിവേശം എന്നത് ഇന്ത്യയ്ക്ക് ഏറെനാളുകളായി തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. സാഹചര്യം മുതലെടുത്തുകൊണ്ട് ചൈനയോട് പരസ്യമായി തന്നെ കൂറ് പുലർത്തുന്ന പാകിസ്ഥാനും ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ കടന്നുകയറ്റം നടത്തിയിരുന്നു.

കാശ്മീർ ആയിരുന്നു കടന്നുകയറ്റങ്ങളിലൂടെ പാകിസ്ഥാൻ ലക്ഷ്യമിട്ടിരുന്നത്. രാജ്യം ഭരിക്കുന്ന സർക്കാരുകൾ മാറി മാറി വന്നിട്ടും ഈ സ്ഥിതിക്ക് കാര്യമായ മാറ്റമേതുമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ സാഹചര്യം മാറി വരുന്നതാണ് നാം കാണുന്നത്.

ഇന്ത്യൻ പ്രദേശങ്ങളിൽ കടന്നുകയറിയ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികരെ ഇന്ത്യയുടെ ധീരപുത്രന്മാർ തുരത്തുക മാത്രമല്ല, അവർ കൈവശം വച്ചിരുന്ന ഇന്ത്യൻ പ്രദേശങ്ങൾ കൂടി സേന തിരിച്ചുപിടിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലഡാക്കിലെ പാംഗോംഗ് തടാകക്കരയുടെ തെക്ക് ഭാഗത്തുള്ള പ്രദേശത്ത് ചൈനീസ് സേന കടന്നുകയറ്റം നടത്തുകയും ഇന്ത്യൻ സേന അത് ശക്തമായി ചെറുക്കുകയും ചെയ്തു എന്ന വാർത്തയാണ് ഇന്നലെ നാം അറിഞ്ഞതെങ്കിൽ ഇന്നത് ചൈനയുടെ കയ്യിൽ നിന്നും പൂർണമായും ഇന്ത്യ തിരിച്ചുപിടിച്ചു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

തെക്കൻ പാംഗോംഗ് സോ തീരത്തുനിന്നും നിയന്ത്രണരേഖ(ലൈൻ ഒഫ് ആക്ച്വൽ കൺട്രോൾ) വരെയുള്ള മുഴുവൻ പ്രദേശങ്ങളിലും നിലവിൽ ഇന്ത്യ ചൈനയ്‌ക്കെതിരെ ശക്തമായ സൈനിക പ്രതിരോധം തീർത്തിരിക്കുകയാണ്. ചൈന കൈവശം വച്ചിരിക്കുന്ന തർക്കപ്രദേശങ്ങളും ഇന്ത്യൻ ആർമിയുടെ ഈ പ്രതിരോധ വലയത്തിൽ ഉൾപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഭാവിയിൽ ചൈനയുടെ കടന്നുകയറ്റങ്ങൾ കൂടി തടയുന്നതിനാണ് ഇന്ത്യൻ സേന ഈ ഇപ്പോൾ ചൈനീസ് സേന നിലകൊള്ളുന്ന പ്രദേശത്തിന്റെ തൊട്ടടുത്ത് വരെ പ്രതിരോധം ഒരുക്കുന്നത്.

നിയന്ത്രണരേഖയുടെ ചൈനീസ് ഭാഗത്ത് ടാങ്കുകളെയും സൈനികരെയും ചൈന വിന്യസിച്ചിരിക്കുന്നത് കൂടുതൽ കടന്നുകയറ്റങ്ങൾക്കായി ഒരുങ്ങിക്കൊണ്ടാണെന്ന് മനസിലാക്കികൊണ്ടാണ് ഇന്ത്യ ആഗസ്റ്റ് 29, 30 തീയതികളിൽ ഈ മറുപണി നൽകിയത്.

Content Highlights: India defends disputed regions from China in Pangong Tso.