tom-joseph-pranab-mukharj

തിരുവനന്തപുരം : മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പ്രോട്ടോക്കോൾ മറന്ന് തനിക്ക് ഷേയ്ക്ക് ഹാൻഡ് നൽകാൻ കൈകൾ നീട്ടിയ സംഭവത്തെക്കുറിച്ച് ഒാർക്കുമ്പോൾ ഇന്നും തനിക്ക് രോമാഞ്ചം തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്ടൻ ടോം ജോസഫ്.

2104ൽ രാഷ്ട്രപതി ഭവനിൽ ദേശീയ കായിക പുരസ്കാര വിതരണവേദിയിലാണ് അന്ന് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി ടോമിന് ഷേക്ക് ഹാൻഡ് നൽകിയത്. രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയായതിനാൽ കടുത്ത പ്രോട്ടോക്കോൾ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ചടങ്ങിന് തലേന്ന് അവാർഡ് ജേതാക്കളെ പങ്കെടുപ്പിച്ച് ഡ്രസ് റിഹേഴ്സലും നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഏറ്റവും ശക്തമായ നിർദ്ദേശം, രാഷ്ട്രപതിക്ക് ഷേയ്ക്ക് ഹാൻഡിനായി കൈ നീട്ടരുത് എന്നായിരുന്നു. അവാർഡ് ഏറ്റുവാങ്ങാൻ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ചെന്ന് കൈ കൂപ്പുക മാത്രം ചെയ്യുക എന്ന് പലതവണ ആവർത്തിച്ചിരുന്നു.

അർജുന അവാർഡ് ജേതാവായ ടോമിന് മുന്നേ പോയവരെല്ലാം കൈകൂപ്പി അവാർഡും വാങ്ങി മടങ്ങി. തന്റെ പേര് വിളിച്ചപ്പോൾ ടോം രാഷ്ട്രപതിയുടെ മുന്നിലെത്തി. അവാർഡ് ജേതാക്കൾ രാഷ്ട്രപതിക്ക് താഴെനിന്ന് ഏറ്റുവാങ്ങാൻ തക്കരീതിയിലായിരുന്നു സ്റ്റേജിന്റെ ക്രമീകരണം . എന്നിട്ടും തന്നെക്കാൾ ഉയർന്നുനിന്ന ടോമിന്റെ പൊക്കം കണ്ടിട്ടാകണം രാഷ്ട്രപതി പതിയെ പുഞ്ചിരിച്ചു. പിന്നെ ഷേക്ക് ഹാൻഡിനായി കൈകൾ നീട്ടി.

തനിക്കത് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ടോം പറയുന്നു. പ്രോട്ടോക്കോൾ ലംഘിച്ചാൽ പ്രശ്നമാകുമോ എന്ന് പേടിച്ചെങ്കിലും രാഷ്ട്രപതി ഇങ്ങോട്ട് കൈ നീട്ടുമ്പോൾ എന്ത് പ്രോട്ടോക്കോൾ എന്ന് ചിന്തിച്ച് അപ്പോൾ താനും കൈകൾ നീട്ടിക്കൊടുത്തു. പിന്നെ കൈ കൂപ്പുകയും ചെയ്തു. അന്ന് തനിക്കല്ലാതെ മറ്റാർക്കും രാഷ്ട്രപതി ഷേയ്ക്ക് ഹാൻഡ് നൽകിയില്ലെന്നും ടോം ഒാർക്കുന്നു.