dead-body

ചെന്നൈ: മൂന്നു ദിവസം മകന്റെ മൃതദേഹത്തിനരികിലിരുന്ന് ഒരു അമ്മ. ഇവർക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്ന് ബന്ധുകൾ പറയുന്നു. ബന്ധുക്കളില്‍ നിന്നോ അയല്‍വാസികളില്‍ നിന്നോ സഹായം സ്വീകരിക്കാന്‍ ഇവർ വിസമ്മതിച്ചിരുന്നു. യുവതിയുടെ ഏഴു വയസുള്ള മകന്‍ സാമുവല്‍ പട്ടിണി കാരണമാണ് മരിച്ചത്.

സാമുവലിന്റെ അമ്മ സരസ്വതി തിരുനിന്ദ്രവൂരിലുള്ള അവരുടെ വീട്ടിൽ മൂന്ന് ദിവസമാണ് മകന്റെ മൃതദേഹത്തിനരികിൽ ഇരുന്നത്. ഉറുമ്പുകള്‍ തിന്നുന്നത് തടയാനായി മകന്റെ മൃതദേഹം ഇവർ ആവര്‍ത്തിച്ച് തുടക്കുന്നുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സാമുവലിന്റെ മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ദുർഗന്ധത്തെ തുടർന്നാണ് അയൽവാസികൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ 3 ദിവസമായി യുവതി കുട്ടിയുടെ മൃതദേഹത്തിന് അടുത്ത് തന്നെ ഇരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സാമുവല്‍ പട്ടിണി മൂലമാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. 7 വര്‍ഷം മുമ്പ് ഭര്‍ത്താവ് ജോസില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം സരസ്വതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടന്നും അതിന് ശേഷം മകനൊപ്പം താമസിക്കുകയാണെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

മകന്‍ പട്ടിണി കിടക്കുമ്പോള്‍ പോലും ഇവർ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നില്ല. നാല് മാസം മുമ്പ് സരസ്വതിയെയും സാമുവലിനെയും ബന്ധുക്കള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇരുവരുടെയും ചികിത്സയ്ക്കായി ബന്ധുക്കള്‍ 1.5 ലക്ഷം രൂപ അന്ന് ചെലവാക്കിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, സരസ്വതി വീടിനകത്ത് തന്നെ കഴിയുകയായിരുന്നു.