ന്യൂഡൽഹി: മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ബംഗ്ലാദേശിലും ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രണബ് മുഖർജിയോടുള്ള ബഹുമാനാർത്ഥമാണിത്. ബംഗ്ളാദേശിന്റെ യഥാർത്ഥ സുഹൃത്തായിരുന്നു പ്രണബ് മുഖർജിയെന്നും ദക്ഷിണേഷ്യയിലെ ഏറ്റവും ആദരണീയനായ നേതാവാണെന്നും അദ്ദേഹത്തിന്റെ കഠിന പ്രവർത്തനങ്ങൾ ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും ഭാവി നേതാക്കൾക്കും പ്രചോദനമാകുമെന്ന് ബംഗ്ളാദേശി പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
വലിയ നഷ്ടം: ഷീ ജിൻ പിങ്
ബെയ്ജിംഗ്: ഇന്തോ- ചൈന സൗഹൃദത്തിന് വലിയ നഷ്ടമാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മരണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിറുത്തുന്നതിന് പോസിറ്റീവായ സംഭവാനകൾ നൽകിയ ആളാണ് പ്രണബെന്നും ഷീ ജിൻ പിങ്ങിന്റെ അനുശോചന സന്ദേശത്തിൽ പറയുന്നു.