തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ള യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി. മുഖ്യമന്ത്രിയെ കേസിൽ പ്രതി ചേർക്കുന്നതിന് ഉതകുന്നതോ 'സ്ഥാപനമെന്ന നിലയിൽ' അദ്ദേഹത്തിന്റെ ഓഫീസ് സ്വർണക്കടത്തിൽ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്നതോ ആയ തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എൻ.ഐ.എ പറയുന്നു. കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ന്യൂസ് 18 വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ പറയുന്നുണ്ട്. സ്വർണക്കടത്തിലെ പ്രധാന ചാലകശക്തി കേസിലെ പ്രതി സ്വപ്ന സുരേഷ് ആണെന്നും യു.എ.ഇ കോൺസുലേറ്റ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെയുളള സ്ഥാപനങ്ങളിൽ ഇവർക്ക് കടന്നുകയറ്റം നടത്താനായെന്നും എൻ.ഐ.എ പറയുന്നു. സ്വപ്ന എന്തിനും പോരുന്ന സ്ത്രീയാണെന്നും അവർക്ക് കാര്യങ്ങൾ നടപ്പാക്കാനുള്ള പ്രത്യേക കഴിവുണ്ടെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ വിശദീകരിച്ചതായി മാദ്ധ്യമം പറയുന്നു
മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എസ്. ശിവശങ്കറുമായും അടുത്ത സൗഹൃദം സ്ഥാപിച്ചെടുക്കാൻ സ്വപ്ന സുരേഷിന് കഴിഞ്ഞു. എന്നാൽ കേസിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വെളിവാക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എൻ.ഐ.എ പറയുന്നു. പ്രത്യക്ഷത്തിൽ ഇതൊരു അഴിമതി കേസാണെന്ന് തോന്നാമെങ്കിലും രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ് ഈ കേസെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഒന്നര വർഷ കാലയളവിനിടയിൽ 500 കോടി രൂപയുടെ സ്വർണം സ്വർണക്കടത്ത് സംഘം കടത്തിയിട്ടുണ്ടെന്നും കടത്തപ്പെട്ട സ്വർണ്ണത്തിന്റെ അളവ് പരിശോധിച്ച ശേഷമാണ് തങ്ങൾ എൻ.ഐ.എ കേസ് ഏറ്റെടുത്തതെന്നും ഉദ്യോഗസ്ഥർ ചാനലിനോട് പറഞ്ഞു. അറസ്റ്റ് നടന്ന തീയതി മുതലുള്ള 180 ദിവസത്തിനുള്ളിൽ കേസിലെ ചാർജ് ഷീറ്റ് ഫയൽ ചെയ്യാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജൂലായ് 24നാണ് സ്വപ്ന അറസ്റ്റ് ചെയ്യപ്പെട്ടത്.
Content Highlights: No evidence proving CM Pinarayi Vijayan's involvement in gold smuggling case, says NIA.