പാരീസ് : ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പ്രവാചക കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിൻ ആയ ഷാർലി എബ്‌ദോ. 2015 ജനുവരി 7ന് തങ്ങളുടെ ഓഫീസിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ഷാർലി എബ്‌ദോ വീണ്ടും കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ' ഞങ്ങൾ ഒരിക്കലും വിശ്രമിക്കില്ല, ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കില്ല ' എന്നാണ് മാഗസിന്റെ പുതിയ ലക്കത്തിൽ വിവാദ കാർട്ടൂണുകൾക്കൊപ്പം മാഗസിൻ ഡയറക്ടർ എഴുതിയിരിക്കുന്നത്. 2005ൽ പ്രവാചകനെ കുറിച്ച് ഡെൻമാർക്കിലെ ഒരു പത്രത്തിൽ വന്ന കാർട്ടൂൺ 2006 ഫെബ്രുവരിയിലാണ് ഷാർലി എബ്‌ദോ പുനഃപ്രസിദ്ധീകരിച്ചത്.
തുടർന്നാണ് വിവാദങ്ങളുടെ തുടക്കം. പ്രവാചകനെ കാർട്ടൂണുകളിലൂടെ നിന്ദിച്ചു എന്നാരോപിച്ച് 2015ൽ മുഖം മൂടി ധരിച്ചെത്തിയ ആക്രമികൾ ഓഫീസിന് നേരെ വെടിവെയ്പ് നടത്തുകയായിരുന്നു. കാർട്ടൂണിസ്‌റ്റുകളും മാദ്ധ്യമപ്രവർത്തകരും ഉൾപ്പെടെ 12 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഭീകരാക്രമണം നടത്തിയവരും കൊല്ലപ്പെട്ടിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട 14 പേരുടെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് ആക്രമണത്തിന് വഴിതെളിച്ച അതേ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ജീൻ കാബുറ്റ് (കാബു ) എന്ന കാർട്ടൂണിസ്റ്റിന്റെ ഉൾപ്പെടെ 12 ലേറെ വിവാദ കാർട്ടൂണുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആക്രമണത്തിന് ശേഷം വിവാദ കാർട്ടൂണുകൾ വീണ്ടും പ്രസിദ്ധീകരിക്കണമെന്നാവശ്യം ഉയർന്നിരുന്നെങ്കിലും ഇപ്പോഴാണ് അതിനുചിതമായ സമയമെന്നും മാഗസിന്റെ അധികൃതർ വ്യക്തമാക്കി.