sush

മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ.

'കൊലപാതകത്തിനുള്ള തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെക്കുറിച്ചുള്ള അന്വേഷണം ഇനിയും ബാക്കിയുണ്ടെന്നും' സി.ബി.ഐ ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

സുശാന്തിന്റെ കുടുംബത്തിന്റെ പരാതിയിൽ ആദ്യ പ്രതിയായ നടി റിയ ചക്രവർത്തിയെ മൂന്ന് തവണയും സുശാന്തിന്റെ സഹവാസിയേയും മാനേജരെയും വീട്ടുജോലിക്കാരനെയുമൊക്കെ രണ്ട് തവണ വീതവും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. നടന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റും വിശദമായി പരിശോധിച്ചുവരികയാണ് സി.ബി.ഐ. സുശാന്തിന്റെ മരണത്തിൽ മയക്കുമരുന്ന് മാഫിയയ്ക്കുള്ള പങ്കും അന്വേഷിക്കുന്നുണ്ട്.

മരുന്ന് നിർദ്ദേശിച്ച് സഹോദരിയും

വിഷാദരോഗത്തിനും മറ്റും മരുന്നുകൾ നിർദ്ദേശിച്ച് സുശാന്തിന് സഹോദരി പ്രിയങ്ക അയച്ച മെസേജുകൾ വൈറലാകുന്നു. നടൻ വിഷാദത്തിന് മരുന്ന് കഴിക്കുമെന്ന് അറിയില്ലായിരുന്നുവെന്നാണ് സുശാന്തിന്റെ കുടുംബം ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ, പ്രിയങ്കയുടെയും സുശാന്തിന്റെയും ചാറ്റ് പുറത്തായതോടെ കുടുംബവും സംശയനിഴലിലായി.

മൂന്നുതരം മരുന്നുകളാണ് പ്രിയങ്ക സുശാന്തിനായി നിർദ്ദേശിച്ചിരിക്കുന്നത്. ഇതെല്ലാം ഡൽഹിയിലുള്ള തന്റെ സുഹൃത്തായ ഡോക്ടർ നിർദ്ദേശിച്ചതാണെന്നും എല്ലാം രഹസ്യമായിരിക്കുമെന്നും പ്രിയങ്ക ചാറ്റിൽ പറയുന്നുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഓൺലൈൻ കൺസൽട്ടിംഗ് നടത്താനും പ്രിയങ്ക സഹോദരനെ ഉപദേശിക്കുന്നുണ്ട്.

'സോനുദീദി' എന്നാണ് ചാറ്റിലുടനീളം സുശാന്ത് സഹോദരിയെ അഭിസംബോധന ചെയ്തിരിക്കുന്നത്.