ചില കഥകൾ കേട്ടാൽ ശരിക്കും ഇങ്ങനെയൊക്കെ നടക്കുമോ എന്നൊക്കെ നാം അതിശയിച്ചു പോകും. ഫെയറി ടെയ്‌ലുകൾ പോലെ സംഭവ ബഹുലമായ കഥകൾ ഓരോ മനുഷ്യനുമുണ്ട്. ചിലത് ദുരന്ത കഥകളാകാം ചിലത് പ്രണയ കഥകളാകാം ചിലതാകട്ടെ സുഖവും ദുഃഖവും പ്രണയവും നഷടവും എല്ലാം നിറഞ്ഞതാണ്. അത്തരമൊരു കഥയെ പറ്റിയാണ് പറയുന്നത്. ഹ്യൂമൻസ് ഒഫ് ന്യൂയോർക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മനോഹരമായ ഈ പ്രണയകഥ പറയുന്നത്. കഥയിലെ നായകന്റെയും നായികയുടെയും മകളായ യുവതിയാണ് തന്റെ മാതാപിതാക്കളുടെ അനശ്വര പ്രണയം വിവരക്കുന്നത്. യുവതി തന്റെയോ തന്റെ മാതാപിതാക്കളുടെയോ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അവരുടെ നല്ല ഓർമകൾ ജീവിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
' ഞങ്ങൾ അഞ്ച് പെൺമക്കളായിരുന്നു. ബിസിനസ് സംബന്ധമായ യാത്രകഴിഞ്ഞ് അച്ഛൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ ആദ്യം അമ്മയുടെ നെറുകയിൽ ചുംബിക്കുകയാണ് ചെയ്യുന്നത്. അതിന് ശേഷമാണ് ഞങ്ങൾ മക്കൾക്കരികിലേക്ക് ഓടിയെത്തുക. അദ്ദേഹത്തിന്റെ ' ഫസ്റ്റ് ലവ് ' എന്നും അമ്മയായിരുന്നു. ' യുവതി ഓർക്കുന്നു.
' കുടുംബം ഒന്നിച്ച് യാത്ര പോകുമ്പോൾ അച്ഛൻ എപ്പോഴും അമ്മയ്ക്ക് പാട്ടുപാടി നൽകുന്നത് കേൾക്കാമായിരുന്നു. കരോക്കെ പാർട്ടികളിലും മറ്റും അച്ഛൻ പാട്ട് പാടും. പഴയ ബോളിവുഡ് റോമാന്റിക് ഗാനങ്ങളാണ് അച്ഛനിഷ്ടം. എപ്പോൾ പാട്ടുപാടിയാലും അമ്മയ്ക്ക് നേരെയാണ് പാടുക. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും അമ്മയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തവയായിരുന്നു. അമ്മയ്ക്കാകട്ടെ അത് വളരെയേറെ ഇഷ്ടമുള്ളതായിരുന്നു. അച്ഛന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അദ്ദേഹം പറയുന്ന പോലെ മുടി കെട്ടിവയ്ക്കാനും അമ്മ ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല. രോഗബാധിതയാണെന്ന് തിരിച്ചറിഞ്ഞിട്ടു പോലും ആ പതിവ് തെറ്റിച്ചില്ല.
ബ്രെയിൻ ട്യൂമർ ബാധിച്ച ശേഷം നിരവധി ശസ്ത്രക്രിയകൾക്കാണ് അമ്മ വിധേയയായത്. ഓരോ ശസ്ത്രക്രിയ കഴിയുമ്പോഴും അമ്മ കൂടുതൽ അവശയായി. ഒടുവിൽ ശരിക്കും നടക്കാനാകാത്ത സ്ഥിതിയായി. എന്നാൽ അച്ഛൻ അമ്മയ്ക്ക് താങ്ങായി എപ്പോഴും കൂടെയുണ്ടായിരുന്നു. എവിടെപ്പോയാലും അദ്ദേഹത്തിന്റെ കരങ്ങൾ അമ്മയ്ക്കൊപ്പമുണ്ടായിരുന്നു. ആശുപത്രിയിൽ അമ്മ കിടന്നിരുന്ന കിടക്കയ്ക്ക് അരികിൽ അച്ഛനിരിക്കും. എപ്പോഴും അമ്മയുടെ കവിളിൽ തലോടിക്കൊണ്ടിരിക്കും. തൊണ്ട വറ്റുന്നത് വരെ അമ്മയ്ക്ക് ഖുറാൻ വായിച്ച് കേൾപ്പിക്കും. '
തന്റെ അമ്മയുടെ അവസാന നിമിഷങ്ങളും യുവതി ഓർത്തെടുത്തു. ' നീ തനിച്ചാവില്ല, ഞാനും നിന്റൊപ്പം വരും ' അങ്ങനെയാണ് അദ്ദേഹം ഒടുവിൽ തന്റെ ഭാര്യയോട് പറഞ്ഞത്. അവസാനം അദ്ദേഹത്തെ തനിച്ചാക്കി ഭാര്യ യാത്രയായി.
തന്റെ ഭാര്യയെ സംസ്കരിച്ചിരിക്കുന്നതിനോട് ചേർന്ന പ്രദേശത്തിനായി അദ്ദേഹം അപേക്ഷ സമർപ്പിച്ചിരുന്നു. എല്ലാ ദിവസവും തന്റെ ഭാര്യയുടെ കല്ലറയിലേക്ക് അദ്ദേഹം എത്തിയിരുന്നു. ഭാര്യ തന്നെ വിളിക്കുന്നതായി അദ്ദേഹത്തിന് എപ്പോഴും തോന്നിയിരുന്നു. മക്കൾ വിലക്കിയിട്ടും അദ്ദേഹം ഭാര്യയുടെ കല്ലറയിലേക്ക് പോയിരുന്നു. കല്ലറയോട് ചേർന്ന സ്ഥലം സംബന്ധിച്ച രേഖകൾ എത്തിയതോടെ അയാൾ നിശബ്ദനായി. രണ്ട് ദിവസം ഒന്നും സംസാരിച്ചില്ല. മൂന്നാം ദിവസം തനിക്ക് സുഖമില്ലെന്ന് അദ്ദേഹം തന്റെ മകളോട് പറഞ്ഞു. അച്ഛന് കാലിൽ ഷൂ ഇടാൻ സഹായിക്കാൻ യുവതി കുനിഞ്ഞപ്പോഴേക്കും അദ്ദേഹം നിലത്ത് കുഴഞ്ഞ് വീണിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. ആംബുലൻസ് എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായിരുന്നു.... '
നിരവധി പേരാണ് ഹ്യൂമൻസ് ഒഫ് ന്യൂയോർക്കിൽ വന്നിരിക്കുന്ന ഈ പോസ്റ്റിനെ ഷെയർ ചെയ്തത്. ശരിക്കും പ്രണയം എന്താണെന്ന് ജീവിച്ചു കാട്ടിയവരായിരുന്നു അവർ. കേൾക്കുന്നവർക്ക് ഒരേ സമയം മനോഹരവും ഹൃദയഭേദകവുമാണ് അവരുടെ ജീവിതം.