fire

പാട്ന: സഹപ്രവർത്തകയെ വെടിവച്ച് കൊന്ന ശേഷം ബി.എം.പി ജവാൻ സ്വയം വെടിവച്ച് മരിച്ചു. ബിഹാർ മിലിട്ടറി പൊലീസിലെ കോൺസ്റ്റബിളായ അമർ സുബ്ബയാണ് സഹപ്രവർത്തകയായ വനിതാ കോൺസ്റ്റബിൾ വർഷ ടിഗയെ പിറകിൽ നിന്ന് രണ്ട് തവണ വെടിവച്ച ശേഷം സ്വയം മരണം വരിച്ചത്. ഇന്നലെ രാവിലെ 7.30ന് ബി.എം.പി ക്യാമ്പിലായിരുന്നു സംഭവം. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു സുബ്ബ വെടിയുതിർത്തത്. ഡാർജിലിംഗ് സ്വദേശികളാണ് ഇരുവരും. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ബിഹാർ മിലിട്ടറി പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ തർക്കത്തിലായിരുന്നുവെന്നും സംഭവ സമയം തർക്കം മൂത്തിരിക്കാമെന്നും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവം നടക്കുമ്പോൾ ഇരുവരും യൂണിഫോമിലായിരുന്നു. കൊലപാതകത്തിനുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടരുകയാണ്. ഈ വർഷം ബിഹാർ പൊലീസിൽ ആറ് പൊലീസുകാർ ആത്മഹത്യ ചെയ്തിരുന്നു.